തിരുവനന്തപുരം: നെടുമങ്ങാട് ഷൊർലക്കോട് മലയോര ഹൈവേയിലെ കുറ്റിച്ചൽ കാര്യോട് ഭാഗത്തെ റോഡില്‍ വിള്ളൽ. പൈപ്പ് പൊട്ടി ഉണ്ടായ തകരാറാണ് സംഭവമെന്നും റോഡ് നിർമ്മാണ വേളയിലെ ആശാസ്ത്രിയതയാണ് കാരണമെന്നുമാണ് വ്യാപകമാവുന്ന ആക്ഷേപം. രണ്ടു വർഷം മുൻപ് നിർമ്മാണം കഴിഞ്ഞ സമയത്തു തന്നെ തന്നെ റോഡിന്റെ പല ഭാഗങ്ങളിലും അശാസ്ത്രീയ നിർമ്മാണം കാരണം തകരാറുകൾ ഉണ്ടായിരുന്നു. നിർമ്മാണം പൂർത്തിയായി ഉദ്ഘാടനം കഴിഞ്ഞുള്ള ആദ്യ മഴയിൽ തന്നെ പലയിടത്തും വെള്ളക്കെട്ട് പഴയതിനെക്കാൾ രൂക്ഷമായിരുന്നു.വശങ്ങളിൽ ഓട നിർമ്മിക്കാത്തതായിരുന്നു വെള്ളക്കെട്ടിന് കാരണമായത്. ഇപ്പോള്‍ റോഡ് തന്നെ പൊളിയുന്ന അവസ്ഥയിലാണെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ ഒത്ത നടുക്കായി മീറ്ററുകളോളം നീളത്തിലാണ് വിണ്ട് കീറിയിരിക്കുന്നത്. പൈപ്പ് പൊട്ടി ഉണ്ടായ തകരാർ എന്നാണ് നാട്ടുകാർ പറയുന്നത്. ചോർച്ച ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ ജല വകുപ്പിന്റെയും പൊതുമരാമത്തിനെയും വിവരം അറിയിച്ചെങ്കിലും അവഗണിച്ചു എന്ന് ആക്ഷേപമുണ്ട്. റോഡിലെ വിള്ളൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ അപകടം ഉണ്ടാകാനുള്ള അവസ്ഥയിലാണ്.
