ചിറയിൻകീഴ്: കഠിനംകുളം മരിയനാട് ഫിഷ് ലാൻഡിങ് സെന്ററിനടുത്തു അനധികൃതമായി പിടിച്ച് സൂക്ഷിച്ചിരുന്ന 3 ടണ്ണിലധികം വരുന്ന ചെറുമത്സ്യ(കുഴിമത്സ്യ)ശേഖരം ഫിഷറീസ് വിഭാഗം നശിപ്പിച്ചു. ട്രോളിങ് നിരോധനം നിലനിൽക്കേ ചെറുവള്ളങ്ങളിലെത്തി തീരത്തോടു ചേർന്നു മീൻപിടിത്തം വ്യാപകമാണെന്ന പരാതിയെത്തുടർന്നു ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഷീജമേരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മത്സ്യശേഖരം കണ്ടെത്തിയത്.കാലി–കോഴി–മത്സ്യത്തീറ്റകൾ നിർമിക്കുന്നതിനാണു വൻതോതിൽ ചെറുമത്സ്യബന്ധനം നടത്തുന്നതെന്നും മത്സ്യസമ്പത്തിനു ഭീഷണിയായി മാറുന്ന തരത്തിലുള്ള മത്സ്യബന്ധനം സംരക്ഷിക്കേണ്ടതു പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉത്തരവാദിത്തം കൂടിയാണെന്നും ഷീജമേരി പറഞ്ഞു. റെയ്ഡിനിടെ ഒരുവിഭാഗം തൊഴിലാളികളും സൊസൈറ്റി ലേലക്കാരുമടങ്ങുന്ന സംഘം ഫിഷറീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കാൻ ശ്രമിച്ചത് സംഘർഷാവസ്ഥയുമുണ്ടാക്കി. അസിസ്റ്റന്റ് ഡയറക്ടർ ടി.ടി.ജയന്തി, സരിത വിജയൻ, മറൈൻ എൻഫോഴ്സ്മെന്റ് ഓഫിസർ അജീഷ്കുമാർ, അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് എസ്ഐ ജോയ്, എഎസ്ഐ വൈ.റിയാസ്, സിപിഒമാരായ വൈ.ജോണി,ആർ.രഞ്ജിത്ത്ലാൽ എന്നിവർ നേതൃത്വം നൽകി.
