വിഴിഞ്ഞം: സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ചു സ്ഥാപന അധികൃതർ തടഞ്ഞു പൊലീസിനു കൈമാറി. വിഴിഞ്ഞം പൊലീസ് അറസ്റ്റ് രണ്ടംഗ സംഘത്തെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.സംഭവത്തിൽ മൂന്നാമനുണ്ടെന്ന വിവരത്തെ തുടർന്ന് ഇയാൾക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് വെങ്ങാനൂർ സൂര്യ ഫിനാൻസിൽ നടന്ന സംഭവത്തിൽ തിരുവല്ലം സ്വദേശി സാദിക്ക്(28),കുമരിച്ചന്ത സ്വദേശി യാസിൻ (27)എന്നിവരാണ് അറസ്റ്റിലായത്.പണയം വയ്ക്കാനെത്തിയ സംഘത്തെ സംശയം തോന്നിയ സ്ഥാപന അധികൃതർ തടഞ്ഞു വച്ചു പൊലീസിനു കൈമാറുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പൊലീസ് എത്തും വരെ മുറിക്കുള്ളിൽ അനുനയിപ്പിച്ചു തടഞ്ഞു വയ്ക്കുകയായിരുന്നു. ഇതേ സ്ഥാപനത്തിന്റെ തലസ്ഥാനത്തെ വിവിധ ശാഖകളിൽ സമാന രീതിയിൽ സംഘം ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം.വെങ്ങാനൂരിലെ സ്ഥാപനത്തിൽ സംഘം മുൻപും ഇത്തരത്തിൽ തട്ടിപ്പു നടത്തിയതാണ് സംശയത്തിനു കാരണം. നൽകുന്ന പണയ വസ്തുവിനു അധിക ഭാരം കിട്ടാൻ ഉള്ളിൽ ഇരുമ്പു ലോഹവും പുറമേ പെട്ടെന്നു കണ്ടെത്താൻ പറ്റാത്തവിധം സ്വർണം പൂശിയ നിലയിലുള്ളതുമായിരിക്കുമെന്നു പൊലീസ് പറഞ്ഞു.
