തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് തിരുവനന്തപുരം അഡി.സെഷൻസ് കോടതി. രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ചു.മുഹമ്മദ് സാലിഹും അപ്പുണ്ണിയും കുറ്റക്കാരാണെന്നു കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. 4 മുതൽ 12വരെയുള്ള പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയും കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽ സത്താറിനെ പിടികൂടാനായിട്ടില്ല.മടവൂർ പടിഞ്ഞാറ്റേല ആശാനിവാസിൽ രാജേഷിനെ 2018 മാർച്ച് 27ന് പുലർച്ചെ 2.30നാണ് മടവൂർ ജംഗ്ഷനിൽ സ്വന്തം ഉടമസ്ഥയിലുള്ള മെട്രാസ് റിക്കാർഡിങ് സ്റ്റുഡിയോയിലിരിക്കെയാണ് വെട്ടിക്കൊന്നത്. സുഹൃത്ത് വെള്ളല്ലൂർ സ്വദേശി കുട്ടന് (50) തോളിനും കൈയ്ക്കും വെട്ടേറ്റിരുന്നു.
