വെള്ളറട: നടുറോഡിൽ ഭർത്താവിനു മുന്നിൽവച്ച് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ വീട്ടമ്മ മരിച്ചു. നീറിയാങ്കൽ വീട്ടിൽ ജയ(38) ചികിത്സയിലിരിക്കേ ഇന്നലെ വൈകിട്ടാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3ന് അമ്പൂരി ജംക്ഷനിലായിരുന്നു സംഭവം. 2 കുപ്പി പെട്രോളുമായി എത്തി ജയ റോഡിലേക്ക് കയറി ശരീരത്തിലേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ചുമട്ടുതൊഴിലാളി യൂണിയൻ അംഗമായ ഭർത്താവ് റിനുവും സഹ പ്രവർത്തകരും ജംക്ഷനിലെ കുരിശടിക്ക് സമീപം ഇരിക്കുമ്പോഴായിരുന്നു സംഭവം.ഒരു കുപ്പിയിലെ പെട്രോൾ പൂർണമായും ശരീരത്തിൽ ഒഴിച്ച് ജയ തീ കൊളുത്തി. മറ്റേകുപ്പി കണ്ടുനിന്നവർ തട്ടിയെറിഞ്ഞു. ശരീരത്തിൽ തീ പടർന്ന് നിന്നു കത്തുകയായിരുന്ന ജയയെ സമീപവീട്ടുകാരും കണ്ടുനിന്നവരും ചാക്കുകൊണ്ട് ചുറ്റി തീ നിയന്ത്രണ വിധേയമാക്കിയിട്ടാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹം സംസ്കരിച്ചു.ഭർത്താവ് റിനുവിന് തടി കച്ചവടത്തിനായി ജയ പരിചയക്കാരിൽ നിന്നും മുക്കാൽ ലക്ഷത്തോളം രൂപ കടം വാങ്ങി നൽകിയിരുന്നു. പക്ഷേ കച്ചവടം നഷ്ടത്തിലായി. പണം കൃത്യസമയത്ത് തിരികെ കൊടുക്കാനായില്ല. ഇതിൽ മനം നൊന്താണ് ആത്മഹത്യയെന്ന് പൊലീസ് പറയുന്നു. മക്കൾ: ജെറിൻ, നിഖിൽ.
