വെള്ളറട : മലയോര ഹൈവേയുടെ നിർമാണവുമായി ബന്ധപ്പെട്ട് കളിവിളാകം പേരെയ്ക്കോണം മുതൽ വാവോട് വരെ പുറമ്പോക്കിൽ താമസിക്കുന്ന കുടുംബങ്ങളുടെ പുനരധിവാസപദ്ധതി പുരോഗമിക്കുന്നു. വാങ്ങിയ വസ്തുവിലെ ഭവനനിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. തദ്ദേശസ്വയംഭരണ, നിയമസഭ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഭവന നിർമാണപദ്ധതിയെ വൈകിപ്പിച്ചെന്നാണ് അധികൃതർ പറയുന്നത്.
കളിവിളാകം മുതൽ പേരെയ്ക്കോണം വരെ കള്ളിക്കാട്, വാവോട് എന്നിവിടങ്ങളിൽ പുറമ്പോക്കിൽ താമസിക്കുന്ന 38 കുടുംബങ്ങളെയാണ് ഇവിടെനിന്നു മാറ്റിത്താമസിപ്പിക്കുന്നത്. ഒറ്റശേഖരമംഗലം ഗ്രാമപ്പഞ്ചായത്തിൽ 26, കള്ളിക്കാട് ഗ്രാമപ്പഞ്ചായത്തിൽ 12 എന്നിങ്ങനെയാണ് ഉൾപ്പെട്ട കുടുംബങ്ങളുടെ എണ്ണം. കിഫ്ബിയിൽനിന്നു അനുവദിച്ച 2.52 കോടി രൂപയാണ് വസ്തു വാങ്ങുന്നതിനും വീട് നിർമാണത്തിനുമായി അനുവദിച്ചിട്ടുള്ളത്.
എട്ട് മാസം മുമ്പ് ഒറ്റശേഖരമംഗലം ഗ്രാമപ്പഞ്ചായത്തിലെ കളിവിളാകം-വാഴിച്ചൽ വാർഡുകളുടെ അതിർത്തി പങ്കിടുന്ന ആറ്റൂർ പാലത്തിന് കുറച്ചകലെയായി 40 ലക്ഷത്തോളം രൂപ ചെലവഴിച്ച് 1.35 ഏക്കർ വസ്തു വാങ്ങി രജിസ്ട്രേഷനും നടത്തി. ഓരോ കുടുംബത്തിനുമായി മൂന്ന് സെന്റ് വസ്തു വീതമാണ് നൽകുന്നത്. ലൈഫ് ഭവനപദ്ധതി മാതൃകയിൽ നാലു ലക്ഷം രൂപ നൽകി വീടും നിർമിക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
ഓരോ ഗുണഭോക്താവിനുമുള്ള മൂന്ന് സെന്റ് അളന്ന് കല്ലിടുന്നത് ഏറക്കുറെ പൂർത്തിയായി. 38 പ്ലോട്ടുകളായി അളന്നുതിരിക്കാനും തറ നിരപ്പാക്കാനുമായി 67 ലക്ഷം രൂപയുടെ ദർഘാസാണ് നൽകിയത്. പാറയും ചരിഞ്ഞ പ്രദേശവുമായതിനാൽ മൂന്ന് തട്ടുകളായിട്ടാണ് വസ്തുവിനെ തിരിച്ചിട്ടുള്ളത്. താഴ്ന്ന ഭാഗത്ത് ഏകദേശം 12 അടിയോളം ഉയരത്തിൽ പാർശ്വഭിത്തി നിർമിച്ചിട്ടുണ്ട്. ഏറ്റവും മുകളിലത്തെ തട്ടിൽ പാറകളുള്ളതിനാൽ ഇവ പൊട്ടിച്ച് നീക്കം ചെയ്യേണ്ടതുണ്ട്.
അതിന് മറ്റൊരു ഫണ്ടുകൂടി അനുവദിച്ചാലേ സാധ്യമാകുകയുള്ളൂവെന്നാണ് സ്ഥിതി.എല്ലാവർക്കുമുള്ള സ്ഥലം തരംതിരിച്ചശേഷം നറുക്കെടുപ്പിലൂടെയാകും ഗുണഭോക്താക്കൾക്ക് നൽകുന്നത്.
അതിനുശേഷമാണ് വീട് നിർമാണത്തിനായി പല ഘട്ടങ്ങളായി നാലു ലക്ഷം രൂപ നൽകുന്നതെന്ന് അധികൃതർ പറഞ്ഞു. വസ്തുവിലേയ്ക്കുള്ള വൈദ്യുതി എത്തിക്കലും ജലവിതരണം സാധ്യമാക്കുന്ന പ്രവർത്തനങ്ങളും നടത്തണം.
നിരവധി ശ്രമങ്ങൾക്കൊടുവിലാണ് പതിറ്റാണ്ടുകളായി പുറമ്പോക്കിൽ താമസിക്കുന്നവരുടെ പുനരധിവാസ നടപടികൾ സാധ്യമാക്കിയത്. കിഫ്ബിയിൽ നിന്നും പഞ്ചായത്ത് ഫണ്ടിലേക്ക് അനുവദിച്ച് നൽകിയ തുക ഉപയോഗിച്ചാണ് വസ്തു വാങ്ങിയതും ലൈഫ് പദ്ധതി മാതൃകയിൽ വീട് നിർമാണം നടത്തുന്നതും. വസ്തുവും ഭവനവും കൈമാറുന്ന മുറയ്ക്ക് പുറമ്പോക്കിൽനിന്നു ആളുകളെ മാറ്റും. തുടർന്ന് സമയബന്ധിതമായി മലയോരഹൈവേയുടെ പേരെയ്ക്കോണത്ത് അപൂർണമായി കിടക്കുന്ന നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കും.
ചെരിഞ്ഞ പ്രദേശമായതിനാൽ വസ്തു ഭവനനിർമാണയോഗ്യമാക്കാനുള്ള പണികൾ അധികം നടത്താനുണ്ട്. മുകളിലത്തെ തട്ടിലെ പാറ നീക്കം ചെയ്യുന്ന ജോലികൾ നടന്നുവരികയാണ്. തുടർപണികൾക്കായി ഇനിയും തുക വേണ്ടിവരും. അതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
കുടിയൊഴിക്കുന്നതിനുമുമ്പ് മൂന്ന് സെന്റ് വസ്തുവും വീടും നൽകാമെന്നാണ് അധികൃതർ പറഞ്ഞിട്ടുള്ളത്. അവ ലഭ്യമാകുമ്പോൾ സന്തോഷമായി നിലവിലെ പുറമ്പോക്കിലുള്ള വീട്ടിൽനിന്നു മാറും.
