തിരുവനന്തപുരം: കേരള ചരിത്രത്തിലാദ്യമായി പൊതുവിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ വ്യത്യസ്തമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അത് സ്കൂളിന്റെ ചരിത്ര ബുക്കിലേക്ക് രേഖപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടി പുറത്തിറക്കിയതാണ് വക്കം ബുക്ക് ഓഫ് റെക്കോർഡ്. ഈ റെക്കോർഡ് ബുക്ക് ജാതി-മത-വർണ്ണ-വർഗ്ഗ വിവേചനങ്ങൾക്ക് മുകളിലാണ്. നിശ്ചയദാർഢ്യവും സ്വഭാവ നന്മയുമുള്ള ഏതൊരു വിദ്യാർത്ഥിക്കും സ്വർണ്ണലിപികൾ കൊണ്ട് ഈ റെക്കോർഡ് ബുക്കിൽ അവരുടെ പേരുകൾ എഴുതി ചേർക്കാവുന്നതാണ്. നാട്ടിൻ പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ലോകോത്തര നിലവാരമുള്ള ഗിന്നസ് വേൾഡ് റെക്കോർഡ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് തുടങ്ങിയവയിലേക്ക് എത്തിച്ചേരാൻ ഒരു വഴികാട്ടിയും മാർഗ്ഗദർശിയും ആയിരിക്കും ഇത്. ഈ റെക്കോർഡ് ബുക്കിലൂടെ വിദ്യാർത്ഥികളിലെ കല കായിക സാംസ്കാരിക രംഗത്തെ വ്യത്യസ്ത കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന തോടൊപ്പം 2023 വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളിയായ മദ്യത്തിനും മയക്കുമരുന്നിനും എതിരെ പ്രവർത്തിക്കാൻ കഴിയും എന്ന വിശ്വാസവും ഉണ്ട്. എച്ച്.എസ് വിഭാഗത്തിൽ നിന്നും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന നബിൻഷാ എന്ന വിദ്യാർത്ഥി സ്കിപ്പിങ്ങ് റോപ്പിൽ ഒരു മിനിറ്റ് കൊണ്ട് 125 തവണ ചെയ്തു വക്കം ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ഇതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ഷൈലജ ബീഗം നിർവഹിച്ചു. പി.റ്റി.എ പ്രസിഡൻറ് മഞ്ജു മോൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ കടയ്ക്കാവൂർ എസ്.ഐ സജിത്ത്, എച്ച്.എം ബിന്ദു സി.എസ്, എച്ച്.എസ്.എസ്.റ്റി പ്രിൻസിപ്പൽ ഷീല കുമാരി, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ബിനിമോൾ, സി.പി.ഒ സൗദീഷ് തമ്പി, എ. സി.പി.ഒ പൂജ, വിമൽ ദാസ് , എസ്.പി.സി പി.ടി.എ പ്രസിഡൻറ് അശോക്, പി.ടി.എ – എസ്.എം.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


