തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് സംഘത്തിന്റെ ആക്രമണത്തിൽ കൈക്കു പരുക്കേറ്റു വിശ്രമത്തിൽ കഴിഞ്ഞ സിപിഐ വഴയില ബ്രാഞ്ച് അസി.സെക്രട്ടറിക്കു നേരെ വീണ്ടും ആക്രമണം. മൂന്നുപേരെ അറസ്റ്റ് ചെയ്തുവെങ്കിലും വിട്ടയച്ചതിൽ പ്രതിഷേധം. പേരൂർക്കട കൃഷ്ണനഗർ ഇന്ദീവരത്തിൽ കൂലിപ്പണിക്കാരനായ എസ്.മോഹനനെ ആണ് വീണ്ടും ആക്രമിച്ചത്. പാൽ വാങ്ങി വീട്ടിലേക്കു വരികയായിരുന്ന മോഹനനെ കാറിൽ എത്തിയ മൂന്നംഗ സംഘം വളഞ്ഞിട്ടു മർദിക്കുകയായിരുന്നു. അസ്ഥികൾ പൊട്ടി പ്ലാസ്റ്റർ ഇട്ടിരുന്ന കൈക്കു തന്നെ വീണ്ടും പരുക്കേറ്റു. മോഹനനെ പേരൂർക്കട ഗവ.ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നംഗ സംഘം വളഞ്ഞിട്ടു മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു.ആക്രമിച്ചു കൈക്കു പരുക്കേൽപിച്ചതുമായി ബന്ധപ്പെട്ട് പൊലീസിൽ നൽകിയ പരാതി പിൻവലിക്കാത്തതാണ് വീണ്ടുമുള്ള ആക്രമണത്തിനു കാരണം. ഞായർ രാത്രി 7.15നു പേരൂർക്കട എകെജി നഗറിൽ ആയിരുന്നു സംഭവം. മോഹനനെ കാറിൽ പിന്തുടർന്ന പ്രതികൾ ആളൊഴിഞ്ഞ സ്ഥലം എത്തിയതും കാറിൽ നിന്നിറങ്ങി തടഞ്ഞുവച്ച് വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. പ്ലാസ്റ്റർ ഇട്ട കയ്യുമായി നിലത്തുവീണ മോഹനനെ തറയിൽ ഇട്ട് ചവിട്ടുകയും ചെയ്തു. നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയതോടെ പ്രതികൾ കാറിനടുത്തേക്ക് ഓടി. എന്നാൽ നാട്ടുകാർ കാർ തടഞ്ഞു പ്രതികളെ പിടികൂടുകയായിരുന്നു. നെടുമങ്ങാട് ഇരിഞ്ചയത്തു വസ്തുക്കൾ വാങ്ങി കൂട്ടുന്ന റിയൽഎസ്റ്റേറ്റ് സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് മോഹനൻ പറയുന്നു. തന്റെ പുരയിടത്തിനു സമീപം മണ്ണ് അടിക്കാൻ എത്തിയ രണ്ടുപേർ 6ാം തീയതി ഇരിഞ്ചയത്തുവച്ച് മർദിക്കുകയും ആക്രമണത്തിൽ കൈ ഒടിയുകയും ചെയ്തു.നെടുമങ്ങാട്, പേരൂർക്കട ആശുപത്രികളിലെ ചികിത്സയ്ക്കു ശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടെ പൊലീസിൽ നൽകിയ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റിയൽ എസ്റ്റേറ്റ് സംഘത്തിലുള്ളവർ ഫോൺ വിളിച്ചു. പരാതി പിൻവലിക്കില്ലെന്ന് അറിയിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനു പിന്നാലെയാണ് ആക്രമണം . സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അടക്കമുള്ള നേതാക്കൾ മോഹനനെ ആശുപത്രിയിൽ സന്ദർശിച്ചു. സംഭവത്തിൽ അറസ്റ്റ് ചെയ്ത പ്രതികളെ വിട്ടയച്ചതായി പേരൂർക്കട പൊലീസ് പറഞ്ഞു. ദുർബല വകുപ്പുകൾ ചുമത്തി പ്രതികളെ സംരക്ഷിക്കുന്ന നിലപാട് ആണ് പൊലീസ് സ്വീകരിച്ചതെന്ന് സിപിഐ നേതാക്കൾ ആരോപിച്ചു.
