പാറശാല: ഉമ്മൻചാണ്ടി സ്മൃതി മണ്ഡപത്തിലെ ഫോട്ടോ കല്ലെറിഞ്ഞു തകർത്ത കേസിലെ പ്രതി പിടിയിൽ. സിഐടിയു പൊൻവിള ഒാട്ടോ ഡ്രൈവേഴ്സ് യൂണിയൻ സെക്രട്ടറി പൊൻവിള കമ്പക്കരയ്ക്കാട് വീട്ടിൽ ഷൈജു(35) ആണ് അറസ്റ്റിലായത്. ബുധൻ രാത്രി ആണ് പൊൻവിള ജംക്ഷനിലെ മണ്ഡപത്തിനു നേർക്ക് ഷൈജു കല്ലെറിഞ്ഞത്. ബുധൻ രാത്രി 7.30ന് സ്മൃതി മണ്ഡപത്തിനു മുന്നിൽ എത്തിയ ഷൈജു സമീപം കിടന്ന കല്ലെടുത്ത് ഫോട്ടോയിലേക്കു എറിയുക ആയിരുന്നു. അക്രമ ശേഷവും അവിടെ തന്നെ ഉണ്ടായിരുന്ന ഷൈജു പൊലീസ് എത്തിയതോടെ കടന്നു കളഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സമരം നടത്തിയെങ്കിലും ഇന്നലെ രാവിലെ ആണ് പ്രതിയെ പിടികൂടിയത്. ഇന്നലെ രാത്രിയോടെ സ്റ്റേഷൻ ജാമ്യം നൽകി ഷൈജുവിനെ വിട്ടയച്ചു. മണ്ഡപം തകർത്തതിൽ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് പൊൻവിളയിൽ നടത്തിയ പ്രതിഷേധ യോഗം എം.വിൻസെന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
