മലയിൻകീഴ്: വീടിനോട് ചേർന്നുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന ഓയിൽ മില്ലിലെ യന്ത്രങ്ങൾ മോഷണം പോയതായി ഉടമയുടെ പരാതി. പൂവച്ചൽ കാപ്പിക്കാട് മാങ്കുഴി തുണ്ടുവിളാകം ലിനി ഭവനിൽ ഡി.ശിഖാമണിയുടെ (70) ഉടമസ്ഥതയിലുള്ള ഒരു ലക്ഷത്തോളം വിലവരുന്ന യന്ത്രങ്ങളാണ് കഴിഞ്ഞ ദിവസം കാണാതായത്. വിളപ്പിൽശാല പൊലീസ് കേസെടുത്തു. ഉറിയാക്കോട് അരശുംമൂട്ടിൽ 20 വർഷത്തോളമായി ഓയിൽ മിൽ നടത്തുകയായിരുന്നു ശിഖാമണി.വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കഴിഞ്ഞ സെപ്റ്റംബറിൽ പൂട്ടി. ഇവിടെയുണ്ടായിരുന്ന യന്ത്രസാമഗ്രികൾ ആണ് പൂവച്ചൽ മാങ്കുഴിയിലെ വീടിനോട് ചേർന്നുള്ള ഷെഡിൽ സൂക്ഷിച്ചിരുന്നത്. ചികിത്സയുടെ ഭാഗമായി ശിഖാമണിയും ഭാര്യ എസ്തർ ഭായിയും മകളുടെ ഉറിയാകോട് കടുക്കാമൂടിലെ വീട്ടിലാണ് ഇപ്പോൾ താമസം.കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയപ്പോഴാണ് ചുറ്റുമതിലിന്റെ ഒരു ഭാഗം പൊളിച്ചിട്ടിരിക്കുന്നത് ശിഖാമണി ശ്രദ്ധിച്ചത്. തുടർന്നുള്ള പരിശോധനയിലാണ് ഷെഡിലെ യന്ത്രങ്ങൾ കാണാതായത് അറിയുന്നത്. ഇരുമ്പ്, ഉരുക്ക് ഉൾപ്പെടെയുള്ള ലോഹങ്ങളിൽ നിർമിച്ച ഭാരമുള്ള യന്ത്രങ്ങൾ ചുറ്റുമതിൽ പൊളിച്ചാണ് വാഹനത്തിൽ കയറ്റി കടത്തിയതെന്ന് കരുതുന്നു.
