തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. സംഭവത്തിൽ ഒൻപത് വിദ്യാർത്ഥികൾ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. വിഴിഞ്ഞം ടൗൺഷിപ്പ് വടുവച്ചാലിലാണ് അപകടം. എതിരെ വന്ന ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം. വാൻ സമീപത്തെ മതിലിൽ ഇടിച്ചു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. വിഴിഞ്ഞം തെരുവ് ഗവ.എസ്.വി എൽ.പി.എസിലെ കുട്ടികളെ കൊണ്ടുപോകുന്ന വാനാണ് അപകടത്തിൽപ്പെട്ടത്.
15ഓളം വിദ്യാർത്ഥികളാണ് വാനിലുണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളായ ഹന്ന(6),ഹാറൂൺ(5),റിസ്വാൻ(9), മുഹമ്മദ് ഫർഹാൻ (7),റിസ്വാന ഫാത്തിമ(7),അലി ഫാറൂഖ് (9), സഹോദരങ്ങളായ സമീം (9), സഹീൽ സഹീൽ (8)എന്നിവർക്കും അദ്ധ്യാപിക ജാസ്മിൻ(22), ഡ്രൈവർ വാഴമുട്ടം സ്വദേശി മനു(33), ക്ലീനർ സെയ്യദലി(27) എന്നിവർക്കും നിസാര പരിക്കേറ്റു. ഇവരെ വിഴിഞ്ഞം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി വിട്ടയച്ചു.
