

ചിറയിൻകീഴ്: പെരുങ്ങുഴിയിൽ നബി തിരുമേനിയുടെ വചനങ്ങളാൽ ധന്യമായ സന്ദേശ റാലിക്കു എസ്എൻഡിപി യോഗം പ്രവർത്തകർ സ്നേഹോഷ്മള വരവേൽപ്പൊരുക്കി. രാവിലെ ഏഴര മണിയോടെ പെരുങ്ങുഴി മുസ്ലീം ജമാഅത്ത് അങ്കണത്തിൽ നിന്നു പുറപ്പെട്ട നബിദിന സന്ദേശ റാലിക്കു പെരുങ്ങുഴി നാലുമുക്ക് ജംക്ഷനിലാണു എസ്എൻഡിപി യോഗം ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരണമൊരുക്കിയത്. മഹാ പ്രവാചകൻ അരുൾ ചെയ്ത മാനവ മന്ത്രങ്ങളും തക്ബീർ ധ്വനികളും നിറഞ്ഞ ഭക്തിസാന്ദ്രമായ സന്ദേശ റാലിയിൽ വിശ്വാസികൾക്കൊപ്പം ജമാഅത്ത് ഭാരവാഹികളും കുട്ടികളുമടക്കം നൂറുക്കണക്കിനു പേർ അണിനിരന്നിരുന്നു. പെരുങ്ങുഴി നാലുമുക്ക് ജംക്ഷനിലെത്തിയ റാലിയുടെ മുൻ നിരയിൽ നേതൃത്വം നൽകിയ ജമാഅത്ത് ചീഫ് ഇമാം മുഹമ്മദ് റാഫി ബാക്കഫിയെ എസ്എൻഡിപി യോഗത്തിനു വേണ്ടി യൂണിയൻ കൗൺസിലർ സി.കൃത്തിദാസ് ഹരിത ഷാൾ അണിയിച്ചു ഹസ്തദാനം നടത്തി. തുടർന്നു ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, എസ്എൻ ട്രസ്റ്റ് ബോർഡംഗം കെ.രഘുനാഥൻ, പെരുങ്ങുഴി ഇടഞ്ഞുംമൂല എസ്എൻഡിപി ശാഖായോഗം പ്രസിഡന്റ് സന്തോഷ് നാലുമുക്ക്, നാലുമുക്ക് ശ്രീനാരായണ ഗുരുക്ഷേത്ര കാര്യദർശി അജിത്ത്കുമാർ, ഭരണ സമിതിയംഗം മുരളി എന്നിവർ ചേർന്നു ജമാഅത്ത് ഭാരവാഹികളായ പ്രസിഡന്റ് ഇ.അബ്ദുൽ അസീസ്, വൈസ് പ്രസിഡന്റ് യ്യ. അഷ്റഫ്, സെക്രട്ടറി എ.അബ്ദുൽഖക്കീം, ജനറൽ സെക്രട്ടറി എ.എസ്. സുഹൈൽ, ട്രഷറർ എം. നസീർ, പള്ളിഭരണ സമിതി അംഗങ്ങളായ എം.എ. ഹുസൈൻ, എ.ഷാഫി, എസ്. റാമി, എച്ച്. ഹസീം മുഹമ്മദ്, എ. സമീർ, ഇ. ഷാജഹാൻ എന്നിവരെ വരവേൽക്കുകയും റാലിയിൽ പങ്കെടുത്തവർക്കു പഴവർഗങ്ങളും ശീതള പാനീയങ്ങളും നൽകുകയും ചെയ്തു. മാനവസ്നേഹത്തിന്റെ ഉണർത്തുപാട്ടായി മാറിയ സ്വീകരണ ചടങ്ങിൽ മത ജാതി വർണ വർഗ ചിന്തകൾക്കു സമൂഹത്തിനിടയിൽ സ്ഥാനമില്ലെന്ന സന്ദേശവും പകർന്നു നൽകിയ ചടങ്ങായി മാറുകയായിരുന്നു
