തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പേപ്പട്ടി ആക്രമണം. മണ്ണന്തല ഗവ.പ്രസിന് അകത്ത് കയറി പേപ്പട്ടി ജീവനക്കാരിയെ കടിച്ചു കുടഞ്ഞു. കഴിഞ്ഞ നാലിന് രാവിലെ 11.30നായിരുന്നു പട്ടിയുടെ ആക്രമണം. ബൈൻഡിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന കേശവദാസപുരം സ്വദേശി സിമി (38) ആണ് കടിയേറ്റത്. ജോലിക്കിടയിൽ അപ്രതീക്ഷിതമായിട്ടായിരുന്നു പട്ടിയുടെ ആക്രമണം. കടിയേറ്റ സിമിയെ മറ്റു ജീവനക്കാരാണ് പട്ടിയിൽ നിന്നും രക്ഷിച്ചത്. മണ്ണന്തല ഭാഗത്ത് പലയിടങ്ങളിലായി പ്രദേശവാസികളെയും മറ്റു നായ്ക്കളെയും കടിച്ചതിനു ശേഷമായിരുന്നു ഗവ.പ്രസിൽ കയറി ജീവനക്കാരിയെ ആക്രമിച്ചത്. നായയുടെ ആക്രമണത്തിൽ പരുക്കേറ്റ സിമി ജനറൽ ആശുപത്രിയിൽ നിന്നും പ്രതിരോധ കുത്തിവയ്പ്പ് എടുത്തു. ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. മണ്ണന്തല പ്രസും പരിസരവും പട്ടി ശല്യത്താൽ വീർപ്പ്മുട്ടുകയാണെന്നു ജീവനക്കാർ ആരോപിക്കുന്നു. ഇതിനൊപ്പം നഗരത്തിലും പട്ടിശല്യം അതിരൂക്ഷമായി. വെള്ളയമ്പലം, പൂജപ്പുര, തമ്പാനൂർ തുടങ്ങിയ ഭാഗങ്ങളിൽ രാത്രി 11 നു ശേഷം നായകൾ കൂട്ടമായി റോഡിൽ തമ്പടിക്കുന്ന സ്ഥിതിയുണ്ട്. വാഹന യാത്രക്കാരെയും കാൽനടക്കാരെയും ആക്രമിക്കുന്നതും പതിവാണ്. ആഴ്ചകൾക്ക് മുൻപ് സ്റ്റാച്യുവിൽ പട്ടി മാധ്യമപ്രവർത്തകൻ ഉൾപ്പെടെ ആറു പേരെ ഓടിച്ചിട്ട് കടിച്ചിരുന്നു. നായ കുറുകേ ചാടി വാഹന യാത്രക്കാർക്ക് പരുക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്. തെരുവ് നായ്ക്കളുടെ വന്ധീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമെന്ന് കോർപ്പറേഷൻ അധിക്യതർ അവകാശപ്പെടുമ്പോഴും നായ ശല്യം രൂക്ഷമാണ്. വന്ധീകരണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ തന്നെ നഗരത്തിൽ നായ്ക്കൾ പെറ്റ് പെരുകുകയാണ്. കോഴി വേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നഗരത്തിന്റെ പലയിടങ്ങളിലും കുന്ന് കൂടി കിടക്കുന്നതാണ് നായശല്യം വർധിക്കാൻ കാരണം. നഗരത്തിൽ കുറഞ്ഞ് 25000 ലധികം നായകൾ ഉണ്ടെന്നാണ് കണക്ക് . വാർഡ് തിരിച്ചുള്ള കണക്കിൽ കുറഞ്ഞ് 500 നായ്ക്കൾ വരും. റെയിൽവേ സ്റ്റേഷൻ , തമ്പാനൂർ ബസ് സാൻഡ് പരിസരം, മ്യൂസിയം, പാളയം കണ്ണിമാറ മാർക്കറ്റ് , ചെങ്കൽചൂള, ശാസ്തമംഗലം,ജനറൽ ഹോസ്പിറ്റൽ പരിസരം, വഞ്ചിയൂർ കോടതി പരിസരം, പ്രസ്ക്ലബ്ബിന് സമീപം ഒക്കെ നായകൾ വിലസുകയാണ്. പത്ത് എണ്ണത്തിനെ വന്ധീകരിക്കുമ്പോൾ ഇരുപത് എണ്ണം പുതുതായി നഗരത്തിൽ എത്തുന്നുവെന്നതും വെല്ലുവിളിയാണ്. പ്രായമായ നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നത് ഇപ്പോഴും തുടരുന്നത് പ്രശ്നമാണ്. ഇവയ്ക്ക് വിശാലമായി വളരാൻ നഗരത്തിലെ മാലിന്യവും സഹായിക്കുന്നുണ്ട്. ഭക്ഷണവേസ്റ്റ് കഴിച്ച് ഉഷാറിലാക്കുന്ന ഇവ രാത്രികാലങ്ങളിൽ മനുഷ്യരുടെ മേൽ ചാടി വീഴുന്നത് പതിവാണ്.
