തിരുവനന്തപുരം: കുന്നുകുഴിയിൽ രാത്രി അമിത വേഗത്തിൽ പാഞ്ഞ കാർ നിയന്ത്രണംവിട്ട് ഇടിച്ചുകയറി രണ്ടു വീടുകളുടെ മതിലുകളും ഗേറ്റും തകർന്നു. ഡ്രൈവർ അടക്കം കാറിലുണ്ടായിരുന്ന രണ്ടു പേർ പൊലീസിനെ കണ്ട് ഇറങ്ങി ഓടി രക്ഷപ്പെട്ടു. മിറാന്റ ജംക്ഷനിൽ തിങ്കൾ രാത്രി 12ന് ആയിരുന്നു അപകടം. എബ്രഹാം ജേക്കബിന്റെ പുതിയ വീടിന്റെ മതിലും ഗേറ്റും അശോകന്റെ വീടിന്റെ മതിലും ആണു തകർന്നത്. ഇവർക്കു 2 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു.എബ്രഹാമിന്റെ വീടിന്റെ ഗൃഹപ്രവേശം രണ്ടാഴ്ച മുൻപാണ് കഴിഞ്ഞത്. ടി.സി നമ്പർ കിട്ടാത്തതിനാൽ രണ്ടാഴ്ച്ചയായി അടച്ചിട്ടിരിക്കുകയായിരുന്നു. പൊലീസ് പറഞ്ഞത് : കാറിന്റെ അമിത വേഗമാണ് അപകടത്തിനു കാരണം. തൊട്ടു പിന്നാലെ വന്ന പൊലീസ് പട്രോളിങ് വാഹനം നിർത്തിയതു കണ്ട് കാറിലുണ്ടായി രുന്നവർ ഇറങ്ങി ഓടി ഉദ്യോഗസ്ഥർ പിന്നാലെ ഓടിയെങ്കിലും പ്രതികൾ കടന്നു. തമിഴ്നാട് റജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.
