വിഴിഞ്ഞം: മത്സ്യബന്ധന തുറമുഖത്തെ സീ–വേർഡ് ബ്രേക്‌വാട്ടറിനു സമീപം കടലിൽ കഴുത്തിൽ കയർ മുറുകിയ നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. വിഴിഞ്ഞം ബീച്ച് റോഡിൽ കുഞ്ചുവീട് പുരയിടത്തിൽ പി. അൽഫോൻസ്(68) ആണ് മരിച്ചത്. കഴുത്തിൽ മുറുക്കിയ പുതിയ പ്ലാസ്റ്റിക് കയർ മുറിഞ്ഞ ഭാഗത്തോടൊപ്പം കണ്ടെത്തിയതാണ് ദുരൂഹത വർധിപ്പിക്കുന്നതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം തുടങ്ങി.ഇന്നലെ രാവിലെ 9.30നു ശേഷമാണ് സംഭവം അറിയുന്നത്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും സിസിടിവി ക്യാമറകളുൾപ്പെടെ പരിശോധിച്ചു വരികയാണെന്നും വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി പറഞ്ഞു. തലയിലും മറ്റും മുറിവുകളും കഴുത്തിൽ മുറുക്കിയ നിലയിലുളള 70 സെന്റീ മീറ്ററോളം നീളമുള്ള പുതിയ പ്ലാസ്റ്റിക് കയർ ഭാഗത്തിന്റെ അഗ്ര ഭാഗം ഉരഞ്ഞു മുറിഞ്ഞ നിലയിലാണെന്നും പൊലീസ് കണ്ടെത്തി.അൽഫോൺസിന്റെ ഭാര്യ ഡെൽബി ഒന്നര വർഷത്തിലേറെ മുൻപ് മരിച്ച ശേഷം പിതാവ് ദുഖിതനായിരുന്നുവെന്നു മക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി. ഇന്നു സംസ്കരിക്കും. മക്കൾ: സെൽവി, വൽസല, വിർജിൻ മേരി, മാഗ്ലിൻ. മരുക്കൾ: ഡേവിഡ്സൺ, ഷാജിമോൻ, ജേക്കബ്, രാജ്.
