തിരുവനന്തപുരം: വേദിയിൽ ഒരുക്കിയ ഗ്രാമഫോണും അതിലെ റിക്കാർഡും. പുറകിൽ ചെമ്മീനിലെ അനശ്വര പ്രണയ സീനിന്റെ കട്ടൗട്ട് നിറഞ്ഞ സദസ്. ചലച്ചിത്ര സംഗീത സംവിധായകൻ പണ്ഡിറ്റ് രമേഷ് നാരായൺ ഗ്രാമഫോണിലെ സ്വിച്ച് ഓൺ ചെയ്തു. റിക്കാർഡ് ചലിച്ചു തുടങ്ങി. വേദിയിൽ മലയാള ചലച്ചിത്ര വേദിയെ ഇന്നും രോമാഞ്ചമുണർത്തുന്ന ചെമ്മീനിലെ പരീതു കുട്ടിയുടെയും കറുത്തമ്മയുടെയും അനശ്വരമായ പ്രണയത്തിന്റെ ശബ്ദം മുഴങ്ങി കേട്ടു. കൂടെ ഇന്നും മനസുകളിൽ തങ്ങി നിൽക്കുന്ന ” മാനസ മൈനേ വരൂ …..” എന്ന ഗാനവും. കേട്ടവരിലെല്ലാം ആ പ്രണയ ദുരന്തത്തിന്റെ പഴയ കാല ഓർമ്മകൾ മടങ്ങിവന്നു. നവതിയുടെ നിറവിലെ ചലച്ചിത്ര പ്രതിഭ മധുവിന് സ്നേഹാദരവ് നേർന്ന മധുവസന്തം എന്ന ചടങ്ങിലാണ് ആകാശവാണിയിലെ പഴയ കാല ചലച്ചിത്ര ശബ്ദരേഖയെ ഓർമ്മിപ്പിക്കുന്ന വിധം ഈ സംവിധാനം ഒരുക്കിയത്. പ്രേം നസീർ സുഹൃത് സമിതി സ്വാതി തിരുനാൾ സംഗീത കോളേജിൽ ഒരുക്കിയ മധുവസന്തത്തിൽ മധുവിന്റെ അഭിനയപ്രതിഭ തെളിയിച്ച 30 ഗാനങ്ങൾ പ്രസിദ്ധ ഗായകർ ആലപിച്ചു. നടൻ വഞ്ചിയൂർ പ്രവീൺ കുമാർ, നടി സോണിയ മൽഹാർ, മതമൈത്രി സംഗീതജ്‌ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബു സമിതി ഭാരവാഹികളായ പനച്ചമൂട് ഷാജഹാൻ, തെക്കൻ സ്റ്റാർ ബാദുഷ, ഡോ.ഗീതാ ഷാനവാസ്, പ്രവാസി മലയാളി സൈനുലാബ്ദീൻ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി തിരുമല, ഗായകൻ തേക്കടി രാജൻ, ഗോപൻ ശാസ്തമംഗലം എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വെച്ച് വീണ സംഗീത വിഭാഗത്തിൽ ഡോക്ടറേറ്റ് ലഭിച്ച സംഗീത കോളേജിലെ അദ്ധ്യാപിക ജെസിയെ ആദരിച്ചു.
