January 15, 2026

തിരുവനന്തപുരം:ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറക്കാനും ചില പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കാനുമുള്ള റെയിൽവെയുടെ ജനദ്രോഹ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി റെയിൽവേ ഡിവിഷൻ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്ഉദ്ഘാടനം നിർവഹിച്ചു.ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന മാവേലി, മലബാർ, വെസ്റ്റ് കോസ്റ്റ് തുടങ്ങിയ ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ കുറക്കാനും തൽസ്ഥാനത്തു എ സി കോച്ചുകൾ ഏർപ്പെടുത്താനുമുള്ള റെയിൽവേയുടെ ഈ നടപടി കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ യാത്ര അതീവ ദുരിതത്തിലാക്കും. രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല സ്ഥാപനവും തൊഴിൽ ദാതാക്കളുമായ ഇന്ത്യൻ റെയിൽവേയെ സ്വകാര്യവൽക്കരിക്കാനുള്ള നയങ്ങൾ കേന്ദ്ര സർക്കാർ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. പൊതു മേഖലാ സ്ഥാപനങ്ങൾ വിറ്റ് തുലയ്ക്കുന്നതിനായി മോദി സർക്കാർ ആരംഭിച്ച നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ പദ്ധതിയുടെ ഭാഗമായി 400 റെയിൽവേ സ്റ്റേഷനുകൾ, 90 പാസഞ്ചർ ട്രെയിനുകൾ, 1400 കിലോമീറ്റർ റെയിൽവേ ട്രാക്ക്, 741 കിലോമീറ്റർ കൊങ്കൺ റെയിൽവേ, 15 റെയിൽവേ സ്റ്റേഡിയങ്ങൾ, തിരഞ്ഞെടുത്ത റെയിൽവേ കോളനികൾ, 265 റെയിൽവേ ഗുഡ്‌സ് ഷെഡുകൾ, 4 ഹിൽ റെയിൽവേ എന്നിവയെല്ലാം കൂടി വെറും 1.5 ലക്ഷം കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. ചുരുങ്ങിയ ചിലവിൽ ദീർഘയാത്ര നടത്താൻ രാജ്യത്തെ സാധാരണക്കാർക്ക് അത്താണിയായ റെയിൽവേയുടെ സ്വകാര്യവത്ക്കരണം സാധാരണ ജനതയുടെ ജീവിതത്തെ സാരമായി തന്നെ ബാധിക്കും.നേരത്തെ ട്രെയിൻ യാത്രയ്ക്ക് മുതിർന്ന പൗരന്മാർക്ക് ഉണ്ടായിരുന്ന ഇളവ് റദ്ദാക്കുക വഴി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേന്ദ്ര സർക്കാർ പിഴിഞ്ഞെടുത്തത് 2242 കോടി രൂപയാണ്. ലാഭം മാത്രം ലക്‌ഷ്യം വച്ചുള്ള ഇത്തരം നടപടികൾ റെയിൽവേയെ പൂർണ്ണമായും സ്വകാര്യവൽക്കരിക്കാനുള്ള നടപടികളുടെ ഭാഗമായിട്ട് തന്നെ വേണം കാണാൻ.ഇപ്പോൾ തന്നെ ആവശ്യമായ കോച്ചുകളോ ട്രെയിനോ സംസ്ഥാനത്തില്ല. വളരെ നേരത്തേ ബുക്ക് ചെയ്താൽ പോലും ടിക്കറ്റുകൾ ലഭ്യമാകാത്ത ട്രെയിനുകളിൽ നിലവിലുള്ള കോച്ചുകൾ കൂടി വെട്ടിക്കുറച്ചു ജനങ്ങളെ പെരുവഴിയിലാക്കാനാണ് റെയിൽവേ ശ്രമിക്കുന്നത്. ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്ന പ്രീമിയം തത്ക്കാലിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന റെയിൽവേ, സ്ലീപ്പർ യാത്രക്കാരെ കൊണ്ട് എ സി ടിക്കറ്റ് എടുപ്പിച്ച് വൻ ലാഭമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. നേരത്തെ കോവിഡിന്റെ മറവിൽ പല ട്രെയിനുകളിലും ജനറൽ കോച്ചുകൾ ഒഴിവാക്കി. പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ്സ് ട്രെയിനുകളാക്കി മാറ്റി. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു. പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ് ആക്കിയപ്പോൾ സ്റ്റേഷനുകൾ വെട്ടിക്കുറക്കുകയും ചെയ്തു. സാധാരണക്കാരായ ജനങ്ങളുടെ ഗതാഗത മാർഗമായ റെയിൽവേയെ ബി ജെ പി സർക്കാർ വരേണ്യവൽക്കരിക്കുകയാണ്. കേരളത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ തുടർച്ചയാണിത്. ജനങ്ങളെ കഷ്ടപ്പെടുത്തുന്നതിൽ ഹരം കണ്ടെത്തുന്ന ബി ജെ പി സർക്കാരിനെതിരെ ശക്തമായ ജനരോഷം ഉയരണം. റെയിൽവേയുടെ ജനദ്രോഹ തീരുമാനങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും കോച്ച് കുറച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രാലയത്തെ സമീപിക്കാനും സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ജബീന ഇർഷാദ് ആവശ്യപ്പെട്ടു.എൻ എം അൻസാരിഅധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എം കെ ഷാജഹാൻ, ആരിഫ ബീവി എന്നിവർ സംസാരിച്ചു.ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ.അനിൽകുമാർ സ്വാഗതവും ബിലാൽ വള്ളക്കടവ് നന്ദിയും പറഞ്ഞു. അഷ്റഫ് കല്ലറ, മെഹബൂബ് ഖാൻ പൂവാർ, സൈഫുദ്ദീൻ പരുത്തിക്കുഴി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *