January 15, 2026

തിരുവനന്തപുരം: മരം മുറിച്ച കൂലി കിട്ടിയില്ല എന്ന് ആരോപിച്ച് മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി മധ്യവയസ്‌കന്‍. ഇന്ന് രാവിലെ കുന്നത്തുകാലില്‍ ആണ് സംഭവം. കാരക്കോണം സ്വദേശി സൈമണ്‍ (55)ആണ് ആത്മഹത്യാ ഭീഷണിയുമായി മരത്തില്‍ കയറിയത്.കഴിഞ്ഞ ദിവസം കാരക്കോണത്തുള്ള ഒരു സ്ഥാപനത്തില്‍ സൈമണ്‍ മരം മുറിക്കാന്‍ പോയിരുന്നു. മരം മുറിച്ച് കഴിഞ്ഞു കൂലി ചോദിച്ചപ്പോള്‍ ഉടമ സ്ഥലത്തില്ല എന്നും വന്നയുടനെ കൂലി നല്‍കാം എന്നും ജീവനക്കാര്‍ അറിയിച്ചു. ഏറെ നേരം കഴിഞ്ഞും കാശ് കിട്ടാതെ ആയപ്പോള്‍ ഇയാള്‍ പെട്രോളുമായി സ്ഥാപനത്തില്‍ കയറി തീ കൊളുത്തും എന്ന് ഭീഷണിപ്പെടുത്തി.തുടുര്‍ന്ന് സ്ഥാപനത്തില്‍ നിന്നും വെള്ളറട പൊലീസില്‍ പരാതി നല്‍കി. വെള്ളറട പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി സൈമണെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ കയറുമായി മരത്തിന്റെ മുകളില്‍ കയറി കഴുത്തില്‍ കുരുക്ക് ഇട്ട സൈമണ്‍ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പാറശാല ഫയര്‍ ഫോഴ്‌സ്, വെള്ളറട പൊലീസും സ്ഥലത്തെത്തി സൈമണെ അനുനയിപ്പിച്ചു താഴെ ഇറക്കി. തുടര്‍ന്ന് വെള്ളറട സ്റ്റേഷനില്‍ എത്തിച്ച സൈമണിനെ മകനെ വിളിച്ച് വരുത്തി കൂടെ വിട്ടയച്ചെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *