തിരുവനന്തപുരം ∙ ജനറൽ ആശുപത്രിയിലെ ഓപറേഷൻ തിയറ്റർ കോംപ്ലക്സിനും പേവാർഡിനു സമീപത്തുമായി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭീഷണിയായി മാലിന്യക്കൂമ്പാരം. പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണമാലിന്യവും ഉൾപ്പെടെ ഒരു പ്രദേശം മുഴുവൻ ഇത് വ്യാപിച്ചു കിടക്കുന്നു. കവറുകളിൽ കെട്ടിയ നിലയിൽ ഭക്ഷണ വേസ്റ്റും കുപ്പികളും നിറഞ്ഞ് ഈ പ്രദേശത്ത് കൊതുക് , ഈച്ച ശല്യവും വർധിച്ചിട്ടുണ്ട്.
മാസങ്ങളായി മാലിന്യം ഇവിടെ കിടപ്പുണ്ട്. ഇതിന് തൊട്ടടുത്താണ് പ്രധാനപ്പെട്ട ഓപറേഷൻ തിയറ്റർ കോംപ്ലക്സ് പ്രവർത്തിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗികളെ പാർപ്പിക്കുന്ന വാർഡുകളിലും കൊതുക് , ഈച്ച ശല്യമാണെന്നു രോഗികൾ പരാതിപ്പെടുന്നു. മാലിന്യം വാരി മാറ്റുന്നതിനോ, വലിച്ചെറിയുന്നത് തടയാനോ ആശുപത്രി അധികൃതർ നടപടി സ്വീകരിക്കാത്തത് പ്രശ്നം രൂക്ഷമാക്കുന്നു.
