കോവളം∙കഴിഞ്ഞ ദിവസത്തെ മഴയിൽ പാച്ചല്ലൂരിൽ വീടിനു പിന്നിൽ കുന്നിടിഞ്ഞു.വീട്ടുകാരില്ലാത്തതിനാൽ വൻ അപകടം ഒഴിവായി.പാച്ചല്ലൂർ എൽപിഎസിനു സമീപം കിനാരയിൽ ശാലിനിയുടെ വീടിന്റെ പിന്നിലെ വലിയ കുന്നിന്റെ കുറേ ഭാഗമാണ് വലിയ പാറക്കല്ലുകളുമായി ഇടിഞ്ഞു വീണത്. വീട്ടുകാർ പുറത്തു പോയ സമയത്തായിരുന്നു സംഭവം. അടുക്കള ഭാഗത്തിനു ഭാഗിക കേടുപാടുള്ളതായി വീട്ടുകാർ പറഞ്ഞു. ജീവ ഭയത്താൽ അടുക്കള ഭാഗം ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്. കഴിഞ്ഞ വർഷത്തെ മഴയിലും ഈ ഭാഗത്ത് സമാന രീതിയിൽ കുന്നിടിഞ്ഞു വീടുകൾക്ക് കേടുപാടുണ്ടായി.തുടർന്ന് വസ്തു ഉടമയുടെ നേതൃത്വത്തിൽ കുറച്ചു ഭാഗം കോൺക്രീറ്റ് മതിൽ കെട്ടി അപകടാവസ്ഥ ഒഴിവാക്കി.
സംരക്ഷണ ഭിത്തി ഇല്ലാത്ത ഭാഗത്തെ വീടിനു പിന്നിലെ കുന്നാണ് ഇടിഞ്ഞത്. ശേഷിച്ച ഭാഗം ഏതു സമയത്തും ഇടിയാവുന്ന സ്ഥതിയിലാണ്. ഇതുകാരണം വീട്ടുകാർക്ക് രാത്രി ഉറക്കമില്ലാത്ത അവസ്ഥ. വില്ലേജ് അധികൃതരുൾപ്പെടെയുള്ളവർക്ക് പരാതി നൽകി. സംരക്ഷണ ഭിത്തി കെട്ടി അപകട ഭീഷണി ഒഴിവാക്കണമെന്ന് ശാലിനി ആവശ്യപ്പെട്ടു. സമീപത്തെ മറ്റൊരു വീടും കുന്നിടിച്ചിൽ ഭീതിയിലാണ്.
