കഴക്കൂട്ടം : വേളി ടൂറിസ്റ്റ് വില്ലേജിലെ മിനിയേച്ചർ ട്രെയിൻ കട്ടപ്പുറത്തായിട്ട് ഒരു മാസം പിന്നിടുന്നു. നിരവധി ടൂറിസ്റ്റുകളാണ് ട്രെയിൻ ഇല്ലാത്തത് കാരണം ഇവിടെയെത്തി മടങ്ങുന്നത്. ട്രെയിനിന്റെ ചാർജർ കേടായെന്നാണ് അധികൃതർ പറയുന്നത്. സൈറസ് എന്ന കമ്പനിയുടെ ചാർജർ ആണ് ട്രെയിനിൽ ഉപയോഗിച്ചിരുന്നത്. മറ്റൊരു കമ്പനിയിൽ ലയിച്ചപ്പോൾ ജീവനക്കാർ പിരിഞ്ഞു പോയതാണ് വൈകാൻ കാരണമെന്നും അധികൃതർ പറയുന്നു. രണ്ടാഴ്ച മുൻപ് പകരം ചാർജർ കൊണ്ടുവന്ന് ഉപയോഗിച്ചെങ്കിലും അത് ശരിയാകാത്തതിനാൽ മടക്കി അയച്ചു. ശരിയായ ചാർജർ കിട്ടിയില്ലെങ്കിൽ 80 ലക്ഷം രൂപ വരെ വിലയുള്ള ബാറ്ററികൾ നശിക്കുമെന്നും അതുകൊണ്ടാണ് യഥാർത്ഥ ചാർജർ വരുന്നതിനു വേണ്ടി കാത്തിരിക്കുന്നും ടൂർഫെഡ് എംഡി ബിജു പ്രസാദ് പറഞ്ഞു. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ടൂറിസം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ ശ്രമഫലമായാണ് വേളിയിൽ മിനിയേച്ചർ ട്രെയിൻ കൊണ്ടുവന്നത്.
