കല്ലമ്പലം∙സ്കൂളിലെ നിർമാണ പ്രവർത്തനത്തിനു കമ്പി ഇറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ യൂണിയനുകളിലെ തൊഴിലാളികളും കരാറുകാരനും തമ്മിൽ തർക്കമുണ്ടായതിനെത്തുടർന്നു പണി നിർത്തി വച്ചു. പൊലീസ് ഇടപെട്ടെങ്കിലും ഫലം കണ്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും കോടതി വിധി വന്ന ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കരാറുകാരൻ താരിഫ് മുഹമ്മദ് അറിയിച്ചു. മാവിൻമൂട് മുള്ളറംകോട് ഗവ.എൽപിഎസിൽ അടുത്തിടെ ആരംഭിച്ച രണ്ടു നില കെട്ടിടത്തിന്റെ പണിയാണ് കഴിഞ്ഞ ദിവസത്തെ തർക്കത്തിനൊടുവിൽ മുടങ്ങിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ കോൺക്രീറ്റ് പണികൾക്ക് ആവശ്യമായ കമ്പിയുമായി ലോറി സ്കൂൾ വളപ്പിൽ എത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. കമ്പി ഇറക്കുന്നതിനായി മാവിൻമൂട്ടിലെ വിവിധ യൂണിയനുകളിലെ തൊഴിലാളികൾ സമീപിച്ചെങ്കിലും കരാറുകാരൻ വഴങ്ങിയില്ല.ഗവ.കരാറുകാർക്ക് ഇഷ്ടം ഉള്ളവരെ കൊണ്ട് ജോലി ചെയ്യിക്കാൻ അവകാശം ഉണ്ടെന്നും ആവശ്യമുള്ള തൊഴിലാളികൾ ഞങ്ങളുടെ പക്കൽ ഉള്ളപ്പോൾ പുറത്തു നിന്നുള്ള സഹായം ആവശ്യമില്ലെന്നും കരാറുകാരൻ പറഞ്ഞു. ഇത് അംഗീകരിക്കാൻ തൊഴിലാളി യൂണിയനുകൾ തയാറായില്ല. പൊതു സ്ഥലങ്ങളിൽ പണി നടക്കുമ്പോൾ സാധനം ഇറക്കുകയും കയറ്റുകയും ചെയ്യുന്നതിന് ട്രേഡ് യൂണിയൻ തൊഴിലാളികൾക്ക് തടസ്സം ഇല്ലെന്ന് അവർ വാദിച്ചു.തുടർന്ന് വാക്കേറ്റമായി. ഒടുവിൽ പൊലീസ് എത്തി ഇരു കൂട്ടരും ആയി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. കേസ് ഫയൽ ചെയ്യുമെന്നും വിധി വന്ന ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കരാറുകാരൻ പറഞ്ഞു. കൊണ്ടു വന്ന കമ്പി അതേ വണ്ടിയിൽ തിരികെ കൊണ്ടു പോവുകയും ചെയ്തു. ഇതോടെ തൊഴിലാളികളും പിൻവാങ്ങി. 72 ലക്ഷം രൂപ ചെലവിട്ട് 300 ദിവസത്തിനുള്ളിൽ പണി തീർക്കാനാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്.
ഇത്തരം പണികൾ നടക്കുമ്പോൾ സാധനങ്ങൾ ഇറക്കാനും കയറ്റാനുമുള്ള തൊഴിലാളികളുടെ കൂലിയും ഉൾപ്പെടുത്തിയാണ് കരാർ ഏറ്റെടുക്കാറുള്ളതെന്ന് ഐ എൻ ടി യുസി ജില്ല ജനറൽ സെക്രട്ടറി എൻ.കെ.പി.സുഗതൻ പറഞ്ഞു.ഓരോ പ്രദേശത്തും പണി എടുക്കുമ്പോൾ അംഗീകൃത തൊഴിലാളി യൂണിയനുകൾ ഉണ്ടെങ്കിൽ അവരെ കൂടി ഉൾപ്പെടുത്തുക എന്നത് നിയമപരമായ കാര്യമാണെന്നും സ്വകാര്യ വ്യക്തികളുടെ നിർമാണ പ്രവർത്തനങ്ങൾക്കു മാത്രമാണ് ഇതു ബാധകമല്ലാത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
