നേമം∙ പുതുതായി നിർമിക്കുന്ന നേമം റെയിൽവേ ടെർമിനലിലേയ്ക്ക് കരമന–കളിയിക്കാവിള റോഡിൽ നിന്ന് നേരിട്ട് പ്രവേശിക്കാൻ കഴിയുന്ന രീതിയിൽ റോഡ് നിർമിക്കണമെന്നാവശ്യപ്പെട്ട് ഫ്രാൻസ് ഭാരവാഹികൾ കേന്ദ്രമന്ത്രി വി.മുരളീധരന് നിവേദനം നൽകി. ടെർമിനൽ നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള പരാതികൾ സംബന്ധിച്ച് അദ്ദേഹം നാട്ടുകാരിൽ നിന്ന് നിവേദനങ്ങൾ സ്വീകരിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ നേരിട്ടെത്തി വെള്ളക്കെട്ട് കാരണം തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുകയാണെന്ന് മന്ത്രിയോട് പരാതിപ്പെട്ടു.
ഇക്കാര്യങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടെർമിനൽ നിർമാണം കാരണം വെള്ളക്കെട്ട് അനുഭവപ്പെടുന്ന സ്ഥലങ്ങൾ അദ്ദേഹം സന്ദർശിച്ചു. റെയിൽവേ ഡിവിഷൻ ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ബാലരാമപുരം റെയിൽവേ സ്റ്റേഷനും അദ്ദേഹം സന്ദർശിച്ചു. പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടും നഷ്ടപരിഹാരം സംബന്ധിച്ചും നാട്ടുകാർ അദ്ദേഹത്തിന് നിവേദനം നൽകി.
