തിരുവനന്തപുരം: ഒരൊറ്റ മഴയത്ത് നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലാവുമ്പോൾ അതിജീവിക്കാൻ പെടാപ്പാടു പെടുകയാണ് ജനം. ബുധനാഴ്ച വൈകിട്ട് മുതൽ പുലർച്ചെ വരെ 12 മണിക്കൂർ മാത്രമാണ് നഗരപരിധിയിൽ മഴ പെയ്തത്. എന്നാൽ ഈ സമയം കൊണ്ട് ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന മഴ മൂലം ഉണ്ടാകാറുള്ള നാശനഷ്ടങ്ങളാണ് സംഭവിക്കുന്നത്. കഴിഞ്ഞ മാസത്തെ പ്രളയത്തിന്റെ നഷ്ടം ഇനിയും പലരും നികത്തിയിട്ടില്ല. കാലാവസ്ഥാ വകുപ്പിന്റേതായ മുന്നറിയിപ്പുകൾ ലഭിക്കുന്നത് അവസാന മണിക്കൂറുകളിലും. രാത്രിയിൽ വീടുകളിൽ ഉറങ്ങിക്കിടന്ന പലരും ഒഴുകി എത്തിയ മഴവെള്ളം തൊട്ടാണ് അർധരാത്രിയിൽ ഞെട്ടി എഴുന്നേൽക്കുന്നത്. പകൽ ഏതാനും മണിക്കൂറുകൾ മഴ മാറി നിന്നതിനാൽ ചിലയിടങ്ങളിൽ വെള്ളം ഒഴുകി മാറിയത് നേരിയ ആശ്വാസമായി. നഗരത്തിൽ ഉൾപ്പെടെ അഞ്ഞൂറിലധികം വീടുകളിൽ വെള്ളം കയറി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഗൃഹോപകരണങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുണ്ടായി. അഗ്നിരക്ഷാസേനയും മത്സ്യത്തൊഴിലാളികളും ശനിയാഴ്ച അർധരാത്രി ആരംഭിച്ച രക്ഷാപ്രവർത്തനം ഇന്നലെ വൈകിയും തുടർന്നു.
