തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തിൽ കേരളത്തെ മികച്ച വെൽനെസ്സ്, ഫിറ്റ്നസ് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ കായിക മികവിനെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുക എന്ന ഉദ്ദേശത്തോടെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നാല് ദിവസങ്ങളിലായി നടക്കുന്ന പ്രഥമ രാജ്യാന്തര കായിക ഉച്ചകോടി (ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരള) ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ കായിക ചരിത്രത്തിൽ ആദ്യമായി കായിക നയം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ ദേശീയ, അന്തർദേശീയ കായിക വിദഗ്ധരും നിക്ഷേപകരും സംരംഭകരും പങ്കെടുക്കും.
രാജ്യത്ത് ആദ്യമായൊരു സംസ്ഥാനം കായിക മേഖലയിൽ സമ്പൂർണ കായിക നയം രൂപപ്പെടുത്തി ദേശീയ കായിക ചരിത്രത്തിൽ പുത്തൻ അധ്യായം രചിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. “ദേശീയ കായിക ചരിത്രത്തിൽ സമ്പന്നവും സവിശേഷവുമായ സ്ഥാനമാണ് കേരളത്തിനുള്ളത്. മികച്ച കായിക താരങ്ങളെ വാർത്തെടുത്തു നിരവധി വേദികളിൽ നേട്ടങ്ങൾ കരസ്ഥമാക്കിയ പാരമ്പര്യവും നമുക്കുണ്ട്. ഇവരുടെ കഴിവുകൾ അന്താരാഷ്ട്ര തലത്തിൽ കേരളത്തിന് വലിയൊരു മേൽവിലാസം നേടിതന്നു. ഇതിനെയെല്ലാം അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്ന പുതിയ കായിക നയം ഈ മേഖലയുടെ സമൂല ഉയർച്ചയ്ക്ക് കാരണമാകും. കായിക സമ്പത്ത് വ്യവസ്ഥ എന്ന പുത്തൻ ആശയത്തിലൂടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി വികേന്ദ്രീകരണ കായിക ആസൂത്രണ പദ്ധതികൾ നടപ്പിലാക്കും. അതത് പ്രദേശങ്ങളിലെ കായിക ആവിശ്യങ്ങളും അവ നടപ്പിലാക്കാനുള്ള സാഹചര്യങ്ങളും തിരിച്ചറിഞ്ഞുള്ള പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്യുന്നത്. സ്വകാര്യ സംരംഭകരേയും സ്റ്റാർട്ടപ്പുകളെയും കായിക മേഖലയിലേക്ക് ആകർഷിപ്പിക്കാൻ ഈ ഉച്ചകോടിയും അതിന്റെ ഭാഗമായി നടക്കുന്ന ചർച്ചകളും ഉപകരിക്കും.”- മുഖ്യമന്ത്രി പറഞ്ഞു.

