ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട കിളിമാനൂർ പഞ്ചായത്തിലെ 245 നമ്പർ റേഷൻ കട കെ സ്റ്റോറായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് തെരഞ്ഞെടുത്തു. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട ആറ്റിങ്ങൽ എംഎൽഎ ഒ. എസ് അംബിക പനപ്പാംകുന്നിലുള്ള റേഷൻ കടയിൽ വെച്ച് നിർവഹിച്ചു.

സാധാരണ ജനങ്ങൾക്ക് മിതമായ നിരക്കിൽ എല്ലാത്തരം സാധനങ്ങളും ലഭ്യമാക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായിട്ടാണ് കെ സ്റ്റോറുകൾ ആരംഭിച്ചിട്ടുള്ളത് എന്നും ആറ്റിങ്ങൽ മണ്ഡലത്തിൽ നാലാമത്തെ കെ സ്റ്റോറാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത് എന്ന് എംഎൽഎ പറഞ്ഞു. സപ്ലൈകോയുടെ തനത് ഉൽപ്പന്നമായ ശബരി, മിൽമ ഉത്പാദിപ്പിച്ച് വിതരണം നടത്തുന്ന വിവിധ ഉൽപ്പന്നങ്ങൾ, അഞ്ച് കിലോയുടെ ചോട്ടു ഗ്യാസ് സിലിണ്ടർ എന്നിവ ഇവിടെ ലഭ്യമാണ്. കൂടാതെ പ്രാദേശിക ചെറുകിട സംരംഭകർ (MSME) ഉത്പാദിപ്പിച്ച് വിപണനം നടത്തുന്ന 96 ഇനം സാധനങ്ങൾ കെ സ്റ്റോർ വഴി ലഭിക്കുമെന്ന് എംഎൽഎ അറിയിച്ചു. ഇത് വഴി നാട്ടുമ്പുറത്തെ സാധാരണ സംരംഭകർക്ക് അവരുടെ ഉൽപ്പെന്നങ്ങൾക്ക് പുതിയ വിപണന സാധ്യത സംജാതമായതയും എംഎൽഎ അഭിപ്രായപ്പെട്ടു. എല്ലാത്തരം ഓൺലൈൻ അപേക്ഷകളും, വെള്ളക്കരം, വൈദ്യുതി ബില്ല് തുടങ്ങിയ ബില്ലുകളും 10000 രൂപ വരെ പണം പിൻവലിക്കാൻ ഉള്ള സംവിധാനവും കെ സ്റ്റോറിൽ ലഭ്യമാണെന്നും എംഎൽഎ പറഞ്ഞു.
കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ചിറയിൻകീഴ് താലൂക്ക് സപ്ലൈ ഓഫീസർ ഗീത. എസ് സ്വാഗതം ആശംസിച്ചു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ നാട്ടുകാർ എന്നിവർ പങ്കെടുത്തു.
