വര്‍ക്കല: ലോകപ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായിട്ടും പാപനാശം തീരത്തിന് ഇന്നും അവഗണന. സഞ്ചാരികളുടെ തിരക്ക് ഇവിടെ ദിവസംതോറും വര്‍ധിക്കുമ്പോഴും ആവശ്യമായ സുരക്ഷ സംവിധാനമൊരുക്കാൻ അധികൃതർ തയാറാകുന്നില്ല. ദിനംപ്രതി ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന തീരത്തും കുന്നിലുമായി ആകെയുള്ളത് നാല് ടൂറിസം പൊലീസുകാരും ആറ് ലൈഫ് ഗാര്‍ഡുകളും മാത്രമാണ്.ഫ്ലോട്ടിങ് ബ്രിഡ്ജ് ഉള്‍പ്പെടെ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പുതിയ പദ്ധതികള്‍ വരുമ്പോഴും സുരക്ഷയുടെ കാര്യത്തില്‍ മാത്രം സർക്കാറിന്റെ ശ്രദ്ധയുണ്ടാകുന്നില്ല.

പാപനാശത്ത് കടലില്‍ കുളിക്കുന്നതിനിടെ അടിയൊഴുക്കിൽപെട്ട് അപകടത്തിൽപെടുന്നവരും ഏറെയാണ്. ഡിസംബര്‍ അവസാനം മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി ആറുപേരാണ് കടലിലകപ്പെട്ടത്. ഇവരെ രക്ഷപ്പെടുത്തിയതും ലൈഫ് ഗാർഡുകളാണ്. 2012 വരെ 26 ലൈഫ് ഗാർഡുകളാണ് ഇവിടെ ഉണ്ടായിരുന്നത്. 12 പേര് മാത്രമാണിപ്പോഴുള്ളത്. എന്നാൽ നിലവില്‍ അഞ്ച് ലൈഫ് ഗാര്‍ഡുകളുടെ സേവനം മാത്രമാണ് ഒരുസമയം പാപനാശത്തും തിരുവമ്പാടിയിലുമായി ലഭിക്കുന്നത്. അഞ്ചുപേരെ പിരിച്ചുവിടുകയും നാലുപേര്‍ ജോലി ഉപേക്ഷിച്ച് പോകുകയും അഞ്ചുപേര്‍ സ്ഥലം മാറിപ്പോകുകയും ചെയ്തു. ഇതിനുപകരമായി നിയമനവും ഉണ്ടായില്ല.
