ചിറയിൻകീഴ്: തീരദേശ പാതകളെ ബന്ധിപ്പിച്ചു ഗതാഗതം സുഗമമാക്കാൻ വർഷങ്ങൾക്കു മുൻപു നിർമിച്ച അഴൂർ കുഴിയം–പെരുങ്ങുഴി ഏറത്തു മാടൻനട കായലോര തീരദേശ റോഡ് തകർന്നടിഞ്ഞു ഗതാഗതം അസാധ്യമായ നിലയിൽ. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയിൽപെടുത്തി നിർമിച്ച പാതയുടെ ഇന്നത്തെ അവസ്ഥ ഏറെ ദയനീയമാണ്. പെരുങ്ങുഴി റെയിൽവേ ഗേറ്റ് ഇടയ്ക്കിടെ പണിമുടക്കുമ്പോൾ വലിയൊരു പ്രദേശത്തെ ജനങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏക ഗതാഗത മാർഗമാണു അധികൃതരുടെ തുടർച്ചയായ അനാസ്ഥയിൽ കുരുങ്ങി നാട്ടുകാർക്കു ദുരിത യാത്രയൊരുക്കുന്നത്
പെരുങ്ങുഴി ആറാട്ടുകടവ്, കുഴിയം, ചല്ലിമുക്ക്, പ്ലാവിന്റെമൂട് എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയം കൂടിയാണ് ഈ റോഡ്. അടൂർ പ്രകാശ് എംപി, വി.ശശി എംഎൽഎ എന്നിവരുടെ ഇടപെടലുകളുണ്ടാവണമെന്നാണു നാട്ടുകാർ ആവശ്യമുയർത്തുന്നത്.
