തിരുവനന്തപുരം∙ സൈബർ തട്ടിപ്പുകളിലെ പുതിയ തന്ത്രമായ, ആൾമാറാട്ടം നടത്തുന്ന ഡീപ് ഫെയ്ക് വിഡിയോ സമൂഹമാധ്യമങ്ങൾ വഴി അപ്ലോഡ് ചെയ്യുന്നതിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. കേന്ദ്രആഭ്യന്തരവകുപ്പ് കഴിഞ്ഞയാഴ്ച വിളിച്ചു ചേർത്ത സംസ്ഥാന സൈബർ ഓപ്പറേഷൻസ് മേധാവികളുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ നടപടി വേണമെന്ന കർശന നിർദേശം ഉയർന്നത്. ഇത്തരം വിഡിയോകൾ നിർമിച്ച് പോസ്റ്റ് ചെയ്യുമ്പോൾ തന്നെ വിഡിയോ വ്യാജനാണോ ഒറിജിനലാണോ എന്നുവെളിവാകുന്ന റേറ്റിങ് കൂടി കാണാൻ കഴിയുന്ന ഫിൽറ്ററുകൾ സമൂഹമാധ്യമ ഗ്രൂപ്പുകൾ ഉറപ്പാക്കണമെന്ന നിർദേശമാണ് കേരളം യോഗത്തിൽ നൽകിയത്. മഹാരാഷ്ട്രയും ഇൗ രീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടു.
കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട എഐ-ഡീപ് ഫെയ്ക് തട്ടിപ്പിൽ കോഴിക്കോട് സ്വദേശിക്ക് 40,000 രൂപ നഷ്ടപ്പെട്ടു. ഇരയുടെ മുൻ സഹപ്രവർത്തകന്റെ ദൃശ്യങ്ങളാണ് ആൾമാറാട്ടം നടത്താനും വിശ്വാസം നേടാനുമായി തട്ടിപ്പുകാർ ഉപയോഗിച്ചത്. രശ്മിക മന്ദാന, കജോൾ അടക്കമുള്ള നടിമാരുടെയും മുഖം മോർഫ് ചെയ്ത ഡീപ് ഫെയ്ക് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇത്തരം വിഡിയോകൾ നേതാക്കൾക്കെതിരെ പ്രചരിക്കാനിടയുണ്ടെന്നും ഇതു വലിയ അപകടമുണ്ടാക്കുമെന്നും വ്യക്തിഹത്യയ്ക്കും തട്ടിപ്പുകൾക്കും കാരണമാകുമെന്നും സംസ്ഥാനങ്ങൾ ആശങ്ക രേഖപ്പെടുത്തി. കേസുകളിൽ തെളിവുകളായി പോലും ഇത്തരം വിഡിയോകൾ ഭാവിയിൽ ഉപയോഗിക്കപ്പെടാമെന്നും ആശങ്കയുണ്ട്.
ഇത്തരം വ്യാജ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ശേഷം നടപടിയെടുക്കുന്നതിനു പകരം പോസ്റ്റ് ചെയ്യുമ്പോൾ തന്നെ വിഡിയോയ്ക്ക് റേറ്റിങ് കൂടി നൽകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. മൈക്രോസോഫ്റ്റ് പോലെയുള്ള കമ്പനികൾ ഇതിനു ഫിൽറ്റർ ആപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. വിഡിയോയുടെ വിശ്വാസത്തിന്റെ നിരക്ക് 50 ശതമാനത്തിനു മുകളിലാണോ, എത്ര ശതമാനം വരെ വ്യാജനാണ് എന്നു വിഡിയോയുടെ ഒപ്പം തന്നെ കാണാനാകും. ഫെയ്സ്ബുക്, വാട്സാപ്, ട്വിറ്റർ ഉൾപ്പെടെ ഇൗ പരിശോധനയ്ക്കു ശേഷമേ വിഡിയോ പോസ്റ്റ് ചെയ്യാവൂ എന്നതാണ് കേരളത്തിന്റെ നിർദേശം. ഇത്തരം വിഡിയോ കണ്ടെത്തുന്നതിന് പൊലീസിനെ സഹായിക്കാൻ സിഡാക്കിന്റെ ഹൈദരാബാദ് യൂണിറ്റ് പ്രത്യേക ടൂൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
