തിരുവനന്തപുരം: 2024 മുതൽ തലസ്ഥാനനഗരം പുതിയ മാസ്റ്റർ പ്ലാൻ പ്രകാരമുള്ള നിർമാണ പ്രവർത്തനങ്ങളിലേക്ക് കടക്കുമെന്ന പ്രഖ്യാപനം പാഴായി. കോർപറേഷൻ തയാറാക്കിയ മാസ്റ്റർ പ്ലാൻ നടപടികൾ വീണ്ടും സ്തംഭനത്തിലേക്ക് കടന്നിരിക്കുകയാണ്. സർക്കാർ നിർദേശപ്രകാരം മാസ്റ്റർ പ്ലാനിന്റെ തുടർനടപടികൾ കോർപറേഷൻ താൽക്കാലികമായി നിർത്തിവെച്ചതായാണ് വിവരം. പുതിയ മാസ്റ്റർ പ്ലാൻ വരുന്നതുവരെ നിലവിലെ ഇടക്കാല വികസന പ്ലാൻ (ഐ.ഡി.ഒ) തുടരാനും തദ്ദേശവകുപ്പ് കഴിഞ്ഞദിവസം ഉത്തരവിറക്കി.
മാസ്റ്റർ പ്ലാൻ നഗരമേഖലയിൽ ബാധകമാക്കിയുള്ള ഉത്തരവ് പ്രതീക്ഷിക്കവേയാണ് താൽക്കാലിക വികസന പ്ലാൻ തന്നെ തുടരാൻ തീരുമാനിച്ചിരിക്കുന്നത്. പുതിയ മാസ്റ്റർ പ്ലാനിന്റെ കരട് പ്രസിദ്ധീകരിച്ച് പരാതികൾ നൽകാനുള്ള സമയം കഴിഞ്ഞ മേയിൽ അവസാനിച്ചിരുന്നു. തുടർന്ന് സർക്കാർ നിർദേശ പ്രകാരം ആഗസ്റ്റിൽ കോർപറേഷൻ സെക്രട്ടറി 2017ലെ ഇടക്കാല വികസന പ്ലാൻ ഉപയോഗിക്കാൻ ഉത്തരവിറക്കി. ഈ ഉത്തരവ് തന്നെയാണ് ഇപ്പോൾ തദ്ദേശ വകുപ്പ് നേരിട്ട് ഇറക്കിയത്. മാസ്റ്റർ പ്ലാൻ വൈകാൻ സാധ്യതയുള്ളതിനാൽ സർക്കാർ നേരിട്ട് ഉത്തരവിറക്കിയതെന്നാണ് സൂചന. കരട് സംബന്ധിച്ച് 1200 ഓളം പരാതികൾ ലഭിച്ചിരുന്നു.
