നെയ്യാറ്റിൻകര : മാരായമുട്ടം പറയ്ക്കോട്ടുകോണത്തെ ജലസമൃദ്ധമായ ‘പൊട്ടക്കുളം’ നവീകരിക്കണമെന്ന ആവശ്യവുമായി ജനം. ഒരുകാലത്ത് നാടിന്റെ തന്നെ ആശ്രയമായിരുന്ന കുളത്തെ അവഗണിക്കുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കുളം നവീകരിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ടവർക്ക് നിവേദനം പല തവണ നൽകിയിട്ടും തിരിഞ്ഞു നോക്കുന്നില്ലെന്നും ആക്ഷേപം.
ഏതാനും മാസങ്ങൾ കഴിയുന്നതും വേനൽ കടുക്കും. പൈപ്പിൽ നിന്ന് ലഭിക്കുന്ന ജലം ഒന്നിനും തികയാതെ വരും. അപ്പോൾ ആശ്രയിക്കാൻ കഴിയുന്ന സ്രോതസ്സാണ് ആരും തിരിഞ്ഞു നോക്കാനില്ലാതെ നശിക്കുന്നത്. ഒരു കാലത്ത് കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും ഈ കുളം പ്രദേശവാസികൾ ഉപയോഗിച്ചിരുന്നു. വേനൽക്കാലത്ത് കൂട്ടുകാരൊത്ത് കുട്ടികൾ നീന്തിത്തുടിക്കുന്നതും സുഖമുള്ള കാഴ്ചയായിരുന്നുവെന്ന് നാട്ടുകാർ ഓർക്കുന്നു. ഇപ്പോൾ കാടു കയറി മാലിന്യങ്ങൾ വലിച്ചെറിയാനുള്ള ഒരു സ്ഥലം മാത്രമായി പൊട്ടക്കുളം. നെയ്യാറ്റിൻകര നഗരസഭയിലെ തവരവിള വാർഡിൽ വരുന്ന ഈ കുളത്തിൽ നിന്ന് 6 വർഷം മുൻപ് ചെളി നീക്കിയിരുന്നു. അന്നു ലക്ഷങ്ങൾ ചെലവിട്ടുവെന്നാണ് ജനം പറയുന്നത്. പിന്നീട് ആരും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. വളരെ വലിയ ജല സമ്പത്തുള്ള ഈ കുളത്തിൽ നിന്നും ഒഴുകി വരുന്ന ജലം ഉപയോഗിച്ചാണ് സമീപത്തെ മരുതത്തൂർ ഏലായിലെ വിവിധ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നത്. കടുത്ത വേനലിലും ജലത്തിന് ഒരു കുറവു വരാറില്ല. അടിയന്തരമായി കുളം നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുളത്തിന്റെ സമീപ പ്രദേശങ്ങൾ വൃത്തിയാക്കിയെടുത്താൽ വൈകുന്നേരങ്ങളിൽ വിശ്രമിക്കാനുള്ള ഒരു സ്ഥലമായി മാറും. കുട്ടികൾക്ക് നീന്തൽ പഠിക്കാൻ സൗകര്യം ലഭിക്കുക വഴി ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയും. ഈ കുളത്തിന്റെ നവീകരണത്തെക്കുറിച്ച് ചിന്തിക്കണമെന്നും അധികൃതർ മുൻകൈ എടുക്കണം എന്നുമാണ് ഈ പ്രദേശത്തെ മുതിർന്നവർക്ക് പറയാനുള്ളത്.
