കാട്ടാക്കട : രണ്ടു പഞ്ചായത്തിൽ പതിനായിരത്തിലേറെ കുടുംബങ്ങളുടെ ദാഹമകറ്റാനുള്ള മണ്ണൂർക്കര–വീരണകാവ്–പെരുംകുളം സമഗ്ര കുടിവെള്ള പദ്ധതി ഒരു പതിറ്റാണ്ടായിട്ടും യാഥാർഥ്യമായില്ല. ജല ശുദ്ധീകരണശാലയും 5 ജല സംഭരണികളിൽ മൂന്നിന്റേയും നിർമാണം പൂർത്തിയാക്കി. പദ്ധതി വഴി എന്ന് തുള്ളി വെള്ളം ലഭിക്കുമെന്ന കാര്യത്തിൽ ആർക്കും ഒരു പിടിയുമില്ല. 2013ലാണ് പദ്ധതിക്ക് തുടക്കമായത്. കരമന ആറ്റിലെ അണിയിലക്കടവിൽ നിന്നും ജലം പമ്പ് ചെയ്ത് കുറ്റിച്ചൽ പഞ്ചായത്തിലെ തൊഴുത്തിൻകരയിലെ ജല ശുദ്ധീകരണ ശാലയിലെത്തിച്ച് ശുദ്ധീകരിച്ച് പന്നിയോട്, അണിയിലക്കുന്ന്, വലിയവിള,പാറമുകൾ,ദർപ്പക്കാട് എന്നിവടങ്ങളിലെ ജല സംഭരണികളിൽ ജലമെത്തിച്ച് ഇവിടെ നിന്നും 2 പഞ്ചായത്തിൽ ജല വിതരണം നടത്തുന്നതാണ് പദ്ധതി. പാറമുകളിലെ സംഭരണിയുടെ നിർമാണം തുടങ്ങിയിട്ടില്ല. വലിയവിള സംഭരണി നിർമാണം പൂർത്തീകരിക്കാൻ ഇനിയും മാസങ്ങൾ വേണ്ടിവരും.
കുറ്റിച്ചൽ പഞ്ചായത്തിൽ 3791 കുടുംബങ്ങൾക്കും പൂവച്ചലിൽ 8600 കുടുംബങ്ങൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. 222 കിലോമീറ്റർ ജല വിതരണ പൈപ്പ് സ്ഥാപിക്കണം. 188 കിലോമീറ്റർ പൈപ്പ് സ്ഥാപിച്ചു. 91 കോടി രൂപ യുടെ പദ്ധതിയാണ് ഇഴഞ്ഞ് നീങ്ങുന്നത്. ശുദ്ധീകരണശാലയിലേയ്ക്ക് കെഎസ്ഇബി യു.ജി.കേബിൾ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചില്ല. ട്രാൻസ്ഫോമറും സ്ഥാപിക്കണം. 2013ൽ ആരംഭിച്ച പദ്ധതി പിന്നീട് നിലച്ചു. 2019ലാണ് വീണ്ടും ജീവൻ വച്ചത്. വർഷം 4 പിന്നിട്ടിട്ടും ഒരിടത്തും എത്തിയില്ല. പാറമുകൾ ജല സംഭരണിയുടെ നിർമാണം വൈകും. എസ്റ്റിമേറ്റ് റിവൈസ് ചെയ്യണം. അതുവരെ പദ്ധതി കമ്മിഷനിങ് വൈകുമോ എന്നാണ് ജനങ്ങളുടെ ആശങ്ക. ഭാഗികമായി കമ്മിഷൻ ചെയ്ത് പണികൾ പൂർത്തിയായ സംഭരണികളിൽ നിന്നും ജല വിതരണം ആരംഭിച്ചാൽ ഏഴായിരത്തിലേറെ കുടുംബങ്ങൾക്ക് ഗുണം ലഭിക്കും.
വേനൽ അനുദിനം രൂക്ഷമാകുകയും, ജല സ്രോതസുകൾ വറ്റി വരളുകയും ചെയ്യുന്ന സാഹചര്യത്തിൽ പതിനായിരങ്ങൾക്ക് ഗുണകരമാകേണ്ട പദ്ധതിയാണ് പെരുവഴിയിൽ കിതയ്ക്കുന്നത്. കുറ്റിച്ചൽ,പൂവച്ചൽ പഞ്ചായത്തുകളിലെ ഗാർഹിക കണക്‌ഷൻ ജലജീവൻ മിഷൻ പദ്ധതിയിൽ നൽകിയിട്ട് വർഷം 2 കഴിഞ്ഞു. തുള്ളി വെള്ളം ലഭിച്ചിട്ടില്ല. മണ്ണൂർക്കര പദ്ധതി യാഥാർഥ്യമായൽ മാത്രമേ ഇവർക്ക് ജലം ലഭിക്കുവെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്.
