വിതുര : തൊളിക്കോട് ഗ്രാമ പഞ്ചായത്തിലെ പനയ്ക്കോട്, കണിയാരംകോട് വാർഡുകളിൽ വേനൽക്കാലത്തു രൂക്ഷമായ ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ പനയ്ക്കോട് ആമ്പൽക്കുളം കേന്ദ്രമാക്കി ശുദ്ധജല പദ്ധതി വേണമെന്ന ആവശ്യം ശക്തം. ശുദ്ധജല സുസ്ഥിരത ഉറപ്പു നൽകുന്ന തരത്തിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ സംയുക്ത ഇടപെടലിലൂടെ പ്രദേശത്തെ ശുദ്ധജല ക്ഷാമം ഏതാണ്ടു പൂർണമായും പരിഹരിക്കുന്ന തരത്തിൽ പദ്ധതി കൊണ്ടു വരണമെന്നാണു ആവശ്യം.
പനയ്ക്കോട്– കണിയാംകോട് റൂട്ടിലാണു ആമ്പൽക്കുളം. വർഷങ്ങളുടെ പഴക്കമുള്ള കുളം മതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. പ്രദേശവാസികൾ കാലങ്ങളായി വേനൽക്കാലത്തു ദൈനംദിന ആവശ്യങ്ങൾക്കു ഈ കുളത്തെ ആണ് ആശ്രയിക്കുന്നത്. ഇവിടെ നിന്നു വെള്ളം പമ്പ് ചെയ്തു പനയ്ക്കോട് ഹെൽത്ത് സെന്ററിനോടു ചേർന്നുള്ള സ്ഥലത്തു ടാങ്ക് കെട്ടി വെള്ളം സംഭരിക്കാവുന്നതാണ്. ട്രീറ്റ്മെന്റ് പ്ലാന്റും ഇവിടെ സ്ഥാപിക്കാൻ സ്ഥലമുണ്ട്.
ഗ്രാമസഭകളിൽ ആമ്പൽക്കുളം നവീകരണം സ്ഥിരമായി ചർച്ചയാകാറുണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ടാങ്കറുകളിൽ സ്വകാര്യ വ്യക്തികൾ ഇവിടെ നിന്നും വെള്ളം ശേഖരിച്ചു ദൂര സ്ഥലങ്ങളിൽ കൊണ്ടു പോയി വിതരണം ചെയ്യുന്നുണ്ട്. മുതിയൻകാവ്, നട്ടുവൻകാവ്, ചെറുവക്കോണം, ചന്തമുക്ക്, വാവുപുറം, ഈരടി, വട്ടപ്പുല്ല്, മൈലമൂട് ഭാഗങ്ങളിൽ വേനൽക്കാലത്ത് ശുദ്ധജല ക്ഷാമം രൂക്ഷമാണ്. തൊളിക്കോട് ഗ്രാമപ്പഞ്ചായത്തിലെ താരതമ്യേന ഉയർന്ന ഇടങ്ങളിൽ വെള്ളമെത്തിക്കാൻ അനുയോജ്യ പദ്ധതിയെന്ന നിലയ്ക്ക് ആമ്പൽക്കുളം ഉപയോഗപ്പെടുത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
