ചിറയിൻകീഴ് : അക്ഷരലോകത്തേക്കു പിച്ചവയ്ക്കുന്നവർക്കു പഠന താൽപര്യമൊരുക്കാൻ എൻജിനീയറിങ്ങ് കോളജ് വിദ്യാർഥികളുടെ വേറിട്ട പ്രവർത്തനം . ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിലെ മഞ്ചാടിമൂട് ലസ്ക ജംക്ഷനിലെ 47ാം നമ്പർ അങ്കണവാടി മന്ദിരമാണു ചിറയിൻകീഴ് കടകം മുസല്യാർ എൻജിനീയറിങ്ങ് കോളജിലെ എൻഎസ്എസ് യൂണിറ്റിലെ വിദ്യാർഥികൾ ചേർന്നു പടം വരച്ചു മനോഹരമാക്കിയത്.അങ്കണവാടി മന്ദിരത്തിലെ ചുമരുകളും മതിലുകളും പെയിന്റ് ചെയ്തു മനോഹരമാക്കിയ ശേഷമാണു ചിത്രങ്ങൾ വരച്ചത്.
ആനയും അമ്പാരിയും പക്ഷികളും ഉൾപ്പെടെ കാർട്ടൂൺ സിനിമകളിലെ ഏറെ പ്രിയപ്പെട്ടവരും ചുമരുകളിൽ സ്ഥാനം പിടിച്ചു. അങ്കണവാടി അധ്യാപിക സന്ധ്യയും ഹെൽപർ കാർത്തികയുമാണ് ഇത്തരമൊരു ആശയത്തിനു പിന്നിൽ. മുസല്യാർ എൻജിനീയറിങ് കോളജിലെ എൻഎസ്എസ് വിഭാഗം പ്രോഗ്രാം ഓഫിസർമാരായ നിബിൻ ഗഫൂർ, ഷഫീക്ക്, പ്രിയങ്ക എന്നിവരുടെ ഇടപെടലിനെത്തുടർന്ന് കോളജ് അധികൃതർ ഇതിന് അനുമതി നൽകി.
