വിതുര : പ്രമുഖ ക്ഷേത്രത്തിലെ ഉത്സവം കാണാനായി പട്ടൻകുളിച്ചപ്പാറ ആദിവാസി ഊരിൽ നിന്നെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘത്തെ വളഞ്ഞിട്ട് ആക്രമിച്ചതായി പരാതി. ഇക്കഴിഞ്ഞ 15ന് ഉത്സവം കണ്ട് മടങ്ങവേ രാത്രി പത്തരയോടെ വിതുര ചന്തമുക്കിനു സമീപത്താണ് ഊരുവാസികൾക്ക് മർദനമേറ്റത്. സ്കൂൾ വിദ്യാർഥിക്ക് ഉൾപ്പെടെ മർദനമേറ്റു. സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് കൃത്യമായ നടപടി കൈക്കൊണ്ടില്ലെന്ന് ആക്ഷേപമുണ്ട്.
പ്ലസ് വൺ വിദ്യാർഥിയായ ജിത്തു(17), ഷിനു(22), കിരൺ(19), വിഷ്ണു(28), അബിൻ പ്രസാദ്(21), ഷിബിൻ രാജ്(20), സ്വപ്ന(45) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ വിതുര താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ഇവരുടെ തലയ്ക്കും കഴുത്തിനും മുതുകിലും പരുക്കേറ്റു. മർദനത്തിൽ അബിൻ പ്രസാദിന്റെ പല്ലുകൾ പൊട്ടി. ഷിബിൻ രാജിന്റെ കണ്ണിനും തലയ്ക്കും മറ്റു പലർക്കും ശരീര ഭാഗങ്ങളിലും പരുക്കേറ്റു. മർദനത്തിനായി വെട്ടുകത്തിയും ചുറ്റികയും തേങ്ങയും വടികളും ഉപയോഗിച്ചതായി പരാതിയിൽ പറയുന്നു
അതേ സമയം പ്രതികളെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് വിമുഖത കാണിക്കുന്നതയി ആദിവാസി മഹാസഭ(എഎംഎസ്) ആരോപിച്ചു. പൊലീസിന്റെ നിരുത്തരവാദപരമായ സമീപനം അവസാനിപ്പിച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുമെന്നു അദ്ദേഹം പറഞ്ഞു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധപ്പെട്ട് വകുപ്പ് മന്ത്രിക്കും എസ്സി, എസ്ടി കമ്മിഷനും പരാതി നൽകാൻ ഒരുങ്ങുകയാണ് ഊരുവാസികൾ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അക്രമികളെ സംരക്ഷിക്കുന്നു: എഎംഎസ് പട്ടൻകുളിച്ചപാറ ഊരുവാസികളെ ആക്രമിച്ച സംഘത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടി നേതൃത്വം സംരക്ഷിക്കുന്നതായി എഎംഎസ് സംസ്ഥാന പ്രസിഡന്റ് മോഹനൻ ത്രിവേണി പറഞ്ഞു. രാഷ്ട്രീയ സ്വാധീനത്താൽ കേസ് തേച്ചു മായ്ച്ചു കളയാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
