തിരുവനന്തപുരം.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഇന്തോ ഫ്രഞ്ച് സാംസ്കാരിക കേന്ദ്രമായ അലിയാന്‍സ് ഫ്രാന്സൈസിന്റെയും ഭാരത് ഭവന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫ്രൈഡേ ഫിലിം സ്ക്രീനിംഗിന്റെ ഭാഗമായി 2024 മാര്‍ച്ച് 22ന് ‘പാരീസ് മെമ്മറീസ് ‘ (റവ്വാ പാരീസ്) എന്ന ഫ്രഞ്ച് ചിത്രം പ്രദര്‍ശിപ്പിക്കും. മാര്‍ച്ച് മാസം ഫ്രഞ്ച് ഭാഷയുടെയും സംസ്കാരത്തിന്റെയും വൈവിധ്യങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍, ലാ ഫ്രാങ്കോഫണി മാസമായി അന്താരാഷ്ട്രതലത്തില്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെ അലിയാന്‍സ് ഫ്രാന്സൈസിന്റെ സഹകരണത്തോടെ ഫ്രഞ്ച് സിനിമയുടെ പ്രദര്‍ശനം ഒരുക്കുന്നത്. വൈകിട്ട് 6 മണിക്ക് തൈക്കാട് ഭാരത് ഭവനില്‍ നടക്കുന്ന പ്രദര്‍ശനത്തിന് പ്രവേശനം സൗജന്യമായിരിക്കും. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
2022ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ആലിസ് വിനോകൗര് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. കാന്‍ ചലച്ചിത്രമേളയുടെ ഡയറക്ടേഴ്സ് ഫോര്‍ട്ട്നൈറ്റ് വിഭാഗത്തിലാണ് ചിത്രത്തിന്റെ ആഗോളതലത്തിലെ ആദ്യപ്രദര്‍ശനം നടന്നത്. ടൊറന്േറാ ചലച്ചിത്രമേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയ തുര്‍ക്കി ചിത്രം ‘മുസ്താംഗി’ന്റെ സഹരചയിതാവ് കൂടിയാണ് ആലിസ് വിനോകൗര്.
2015 നവംബറില്‍ പാരീസില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ 130 പേര് കൊല്ലപ്പെടുകയും 416 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന്റെ നടുവില്‍പ്പെട്ടുപോയ സ്വന്തം സഹോരന്റെ അതിജീവന അനുഭവങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട സംവിധായിക, ഒരു വനിതയുടെ ആത്മസംഘര്‍ഷങ്ങളാണ് ‘പാരീസ് മെമ്മറീസി’ല്‍ അവതരിപ്പിക്കുന്നത്. ദുരന്തത്തിനുശേഷം ചിതറിപ്പോയ തന്റെ ജീവിതം കൂട്ടിവെക്കാന്‍ ശ്രമിക്കുന്ന മിയ എന്ന യുവതി പാരീസിലൂടെ നടത്തുന്ന അലക്ഷ്യമായ യാത്രയിലൂടെ ഫ്രഞ്ച് ചരിത്രത്തിലെ അവിസ്മരണീയമായ ഒരു സംഭവത്തിന്റെ ആഴവും വ്യാപ്തിയും അനുഭവിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ദൈര്‍ഘ്യം 105 മിനിറ്റ് ആണ്.
