തിരുവനന്തപുരം : വേനൽ കടുത്തതോടെ നഗരത്തിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി. സ്മാർട്ട് സിറ്റിയുടെ ഭാഗമായുള്ള റോഡ് നിർമാണങ്ങൾക്കിടയിൽ ജലവിതരണ പെപ്പുകൾ പൊട്ടി വിതരണം തടസ്സപ്പെടുന്നതും നഗരവാസികളെ വലയ്ക്കുന്നു. മുന്നറിയിപ്പില്ലാതെയാണ് പലഭാഗത്തും ജലവിതരണം മുടങ്ങുന്നത്. ഇതുകാരണം കരുതൽ നടപടി സ്വീകരിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ജലവിതരണം സംബന്ധിച്ച പരാതികൾ ഉണ്ടാകുമ്പോൾ അറിഞ്ഞില്ലെന്ന മറുപടിയാണ് ജല അതോറിറ്റി ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകുന്നത്. പലയിടത്തും അർധരാത്രിയും പുലർച്ചെയും മാത്രമാണ് വെള്ളം എത്തുന്നത്. പകൽ വെള്ളം ലഭിക്കാതെ വന്നതോടെ ഉറക്കം കളഞ്ഞ് കുടിവെള്ളം ശേഖരിക്കേണ്ട സ്ഥിതിയിലാണ് . ഉയർന്ന പ്രദേശങ്ങളിലാണ് കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്. രാത്രി മാത്രമാണ് ഈ ഭാഗങ്ങളിൽ വെള്ളം എത്തുന്നത്.
ഉയരം കൂടിയ സ്ഥലങ്ങളിൽ രാത്രിയും വെള്ളം എത്തുന്നില്ലെന്നു പരാതിയുണ്ട്. പാപ്പനംകോട്, കരമന, പൂജപ്പുര, മണക്കാട്, കമലേശ്വരം, കുര്യാത്തി, പൂന്തുറ, ബീമാപള്ളി, ഫോർട്ട്, തിരുമല, വട്ടിയൂർക്കാവ്, പേരൂർക്കട, വഴയില, കുടപ്പനക്കുന്ന്, മണ്ണന്തല, ശ്രീകാര്യം, പോങ്ങൂംമൂട്, അമ്പലമുക്ക്, പിടിപി നഗർ, ശാസ്തമംഗലം, മരുതംകുഴി, കേശവദാസപുരം, ഉള്ളൂർ, നാലാഞ്ചിറ, വഴുതക്കാട്, ജനറൽ ആശുപത്രി ജംക്ഷൻ , വഞ്ചിയൂർ, പാറ്റൂർ, പേട്ട , ചാല കൊത്തുവാൾ തെരുവ്, വട്ടിയൂർക്കാവ്,പൂജപ്പുര,തിരുമല,കരമന, മണക്കാട്, ശാസ്തമംഗലം, കേശവദാസപുരം , പേരൂർക്കട , കുടപ്പനക്കുന്ന്, മണ്ണന്തല, ശ്രീകാര്യം, ഉള്ളൂർ, മെഡിക്കൽ കോളജ് ഭാഗങ്ങളിലും ജലവിതരണം ഇടയ്ക്കിടയ്ക്ക് തടസ്സപ്പെടാറുണ്ട്. കുടപ്പനക്കുന്ന് പേരാപ്പൂര് മേഖലയിൽ രണ്ടാഴ്ചയിൽ ഏറെയായി ജലക്ഷാമം അതിരൂക്ഷമാണ്. ജലഅതോറിറ്റിയുടെ പരാതി പരിഹാര സെല്ലിലും മറ്റുള്ളവർക്കും പരാതി നൽകിയിട്ടും നടപടിയില്ല. പത്തുമാസത്തിലേറെയായി കുടിവെള്ളം ലഭിക്കാതെ വന്നതോടെ വഴുതക്കാട് ഉദാരശിരോമണി റോഡ് നിവാസികൾ ജലഅതോറിറ്റി ചീഫ് എൻജിനീയറെ ഉപരോധിച്ചത് കഴിഞ്ഞ ദിവസമാണ്.
അരുവിക്കരയിലെ ജലനിരപ്പിൽ കുറവില്ലെന്ന് ജല അതോറിറ്റി
മണ്ണിനടിയിലുള്ള പൈപ്പുകൾ ചോരുന്നതും ജലഅതോറിറ്റി പൈപ്പുകൾ പൊട്ടുന്നതും നഗരത്തിലെ ജല വിതരണത്തിന് തടസ്സം ഉണ്ടാകുന്നുണ്ട്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള റോഡ് നിർമാണത്തിനിടയിൽ കുടിവെള്ള പൈപ്പുകൾ പൊട്ടുന്നത് വലിയ വെല്ലുവിളിയാണെന്നു ജലഅതോറിറ്റി അധികൃതർ പറയുന്നു. കഴിഞ്ഞ ദിവസം വഞ്ചിയൂർ ഭാഗത്ത് നിർമാണത്തിനിടയിൽ പൈപ്പ് പൊട്ടിയത് മൂലം രണ്ടു ദിവസമാണ് കുടിവെള്ളം മുടങ്ങിയത്. നഗരത്തിലേക്ക് വെള്ളം എത്തിക്കുന്ന പ്രധാന കേന്ദ്രമായ അരുവിക്കരയിൽ ആവശ്യത്തിന് വെള്ളമുണ്ടെന്ന് അധികൃതർ പറയുന്നു. നഗരത്തിൽ കുടിവെള്ളം മുടങ്ങേണ്ട സാഹചര്യം നിലവിലില്ല. എന്നാൽ ഉയരം കൂടി സ്ഥലങ്ങളിലേക്ക് പൈപ്പിലൂടെ ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവിൽ ചെറിയ കുറവ് ഉണ്ടായിട്ടുണ്ട്. വേനൽക്കാലത്ത് മർദം കുറയുന്നതു മൂലമാണ് ഇതു സംഭവിക്കുന്നത്

