തിരുവനന്തപുരം : ഗതാഗതം നിരോധിച്ചും രൂക്ഷമായ പൊടിശല്യം സഹിച്ചും നഗരത്തിൽ നടത്തുന്ന സ്മാർട് റോഡുകളുടെ നിർമാണം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പ്രഖ്യാപിച്ച സമയ പരിധി അവസാനിക്കാൻ അവശേഷിക്കുന്നത് 8 ദിവസം. അനുകൂല കാലാവസ്ഥയായിട്ടും നിർമാണം പൂർത്തിയാക്കുമെന്നു വാഗ്ദാനം നൽകിയ 7 റോഡുകളിൽ വാക്കു പാലിക്കാൻ പറ്റിയത് ഒരു റോഡിന്റെ കാര്യത്തിൽ മാത്രം. പ്രധാന റോഡുകൾ അടച്ചിട്ടിട്ട് മാസങ്ങളായി. നവീകരണം പുരോഗമിക്കുന്ന റോഡുകൾ എന്നു തുറക്കുമെന്നതിലും വ്യക്തതയില്ല. പ്രധാനപ്പെട്ട 5 റോഡുകളുടെ നിർമാണം ഏറ്റെടുത്തിരിക്കുന്നത് ഒരു കരാറുകാരനാണ്. തൊഴിലാളികളുടെ കുറവും കനത്ത ചൂടിൽ പകൽ സമയം ജോലി ചെയ്യുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുമാണ് റോഡുകളുടെ നവീകരണം ഇഴയാൻ കാരണമെന്ന് അധികൃതർ പറയുന്നു.
ആൽത്തറ– തൈക്കാട് റോഡിന്റെ വശത്തുള്ള തൈക്കാട് ആശുപത്രി
ആശുപത്രിയിലേക്ക് വാഹനം എത്താൻ കഴിയുന്ന പ്രധാന റോഡ് പൊളിച്ചിട്ട് ആഴ്ചകളായി. ക്വാറി മാലിന്യം തള്ളിയിരിക്കുന്നതിനാൽ രൂക്ഷമായ പൊടിശല്യത്താൽ വലയുകയാണ് രോഗികളും കൂട്ടിരിപ്പുകാരും. മറ്റൊരു വഴിയുണ്ടെങ്കിലും വാഹന സൗകര്യമില്ല. പൂർണ ഗർഭിണികൾക്ക് പടിക്കെട്ട് കയറിയാലെ ആശുപത്രിയിൽ എത്താൻ കഴിയൂ. ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള കുരുന്നുകൾ അടക്കം ഇന്നലെ റിപ്പീറ്റ് ഒപിയിൽ ചികിത്സ തേടിയെത്തിയത് 255 പേർ. സാധാരണ ഒപി ദിവസങ്ങളിൽ ചികിത്സക്കെത്തുന്നവരുടെ എണ്ണം ശരാശരി 400 ആണ്.
നോർക്ക ജംക്ഷൻ–ഗാന്ധിഭവൻ റോഡിലെ ശിശുക്ഷേമ സമിതി
റോഡ് പണി ഈ മാസം തന്നെ തീർക്കണമെന്നാവശ്യപ്പെട്ട് റോഡ് ഫണ്ട് ബോർഡിന് കത്തു നൽകിയിരിക്കുകയാണ് ശിശു ക്ഷേമ സമിതി അധികൃതർ. അന്തേവാസികളായ കുട്ടികളെ പൊടിശല്യത്തിൽ നിന്നു രക്ഷിക്കാൻ അടച്ചിട്ട മുറികളിലാണ് പാർപ്പിച്ചിരിക്കുന്നത്. അടിയന്തിര ആവശ്യത്തിന് ആംബുലൻസ് പോലും എത്തിക്കാൻ കഴിയാത്ത അവസ്ഥയിലാണ് റോഡ്. മാസങ്ങൾ മാത്രം പ്രായമുള്ള കുരുന്നുകളും ബാലികമഠത്തിലെ അന്തേവാസികളും ഉൾപ്പെടെ 105 പേരാണ് ഇവിടെ കഴിയുന്നത്. അടുത്ത മാസം വേനൽ അവധി ക്യാംപ് ആരംഭിക്കാനിരിക്കുകയാണ്.

ജനറൽ ആശുപത്രി ജംക്ഷൻ–വഞ്ചിയൂർ റോഡിലെ ഹോളി എയ്ഞ്ചൽസ് കോൺവെന്റ്
റോഡാണോ ഉഴുതു മറിച്ച നിലമാണോ എന്നു തിരിച്ചറിയാൻ കഴിയാത്ത വിധം പൊളിച്ചിട്ടിരിക്കുകയാണ് റോഡ്. സ്കൂളിന്റെ പ്രധാന വാതിലിനോടു ചേർന്നു തന്നെ വാരിക്കുഴി പോലെ മാൻഹോൾ കുഴിയുണ്ട്. ചെറിയ ക്ലാസിലെ കുട്ടികൾക്ക് ക്ലാസും മറ്റുള്ളവർക്ക് പരീക്ഷയും നടക്കുകയാണ്. മുന്നറിയിപ്പില്ലാതെ റോഡ് പൊളിച്ചതിനെതിരെ സ്കൂൾ അധികൃതർ പ്രതിഷേധിച്ചപ്പോൾ ഒരാഴ്ചയ്ക്കകം പണി തീർക്കുമെന്നായിരുന്നു വാഗ്ദാനം. മാൻഹോൾ നിർമാണം പുരോഗമിക്കുന്നതേയുള്ളൂ.
ചെന്തിട്ട–അട്ടക്കുളങ്ങര റോഡ്
ഡക്ടുകളുടെയും മാൻഹോളുകളുടെയും നിർമാണം ഒരേ സ്പീഡിൽ പുരോഗമിക്കുന്നു. ഒരു വശത്ത് രണ്ടു മീറ്റർ വീതിയിൽ ഓടയുടെ നിർമാണവും നടക്കുന്നു. കിള്ളിപ്പാലത്തു നിന്നു കിഴക്കേ കോട്ടയിലേക്ക് എളുപ്പത്തിൽ പോകാനുള്ള റോഡിൽ രണ്ടാഴ്ചയായി ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
സ്പെൻസർ ജംക്ഷൻ–എകെജി സെന്റർ റോഡ്
നീണ്ട കാത്തിരിപ്പിനൊടുവിൽ ആദ്യ ഘട്ട ടാറിങ്ങിന് മുന്നോടിയായി പ്രൈമർ അടിച്ചു. ഇന്നോ നാളെയോ ആദ്യ ഘട്ട ടാറിങ് നടത്തും.
സ്റ്റാച്യു–ജനറൽ ആശുപത്രി ജംക്ഷൻ റോഡ്
31നു മുൻപ് ആദ്യഘട്ട ടാറിങ് നടത്തുമെന്ന് റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥരുടെ വാഗ്ദാനം.
പൗണ്ട് റോഡ്
റോഡ് പൊളിച്ച് മാസങ്ങളിൽ പിന്നിട്ടിട്ടും പണി പകുതി പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
