നെടുമങ്ങാട് : മീനച്ചൂടിനൊപ്പം തെരഞ്ഞെടുപ്പ് പോരാട്ടവും കത്തിക്കയറുന്ന അരുവിക്കരയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പ്രവർത്തനവും വികസനവും രാഷ്ട്രീയവും ചർച്ചചെയ്യുന്നതോടൊപ്പം കാർഷിക മേഖലയിലെ തകർച്ചയും വന്യമൃഗശല്യവും തെരഞ്ഞെടുപ്പ് വിഷയങ്ങളാകുന്നു.
പട്ടികജാതി-വർഗ മേഖലകൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ അവരുടെ പിന്തുണ ആർജിക്കാനുള്ള തന്ത്രങ്ങളും മെനഞ്ഞാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം. മൂന്ന് പതിറ്റാണ്ടിലേറെയായി ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിന്റെ മനസ്സ് വലത്തോട്ടായിരുന്നെങ്കിൽ കഴിഞ്ഞ തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇടത്തോട്ട് തിരിഞ്ഞു. കൈപ്പിടിയിൽ വന്ന ജനപിന്തുണ കാക്കാൻ എൽ.ഡി.എഫും തിരികെപ്പിടിക്കാൻ യു.ഡി.എഫും കൈമെയ് മറന്ന് പോരാടുകയാണ്. എൻ.ഡി.എയും മണ്ഡലത്തിൽ സജീവമാണ്.
