January 15, 2026

പാറശാല : കടലാക്രമണത്തിൽ റോഡുകൾ തകർന്നതിനെത്തുടർന്ന് പെ‍ാഴിയൂർ നിവാസികൾക്കു ദുരിതം. രണ്ടാഴ്ച മുൻപാണ് പെ‍ാഴിയൂർ‍–നീരോടി, പരുത്തിയൂർ–പെ‍ാഴിക്കര റോഡുകൾ കടൽക്ഷോഭത്തിൽ തകർന്നത്. റോഡിലെ തെക്കേകെ‍ാല്ലങ്കോട് ഭാഗം കടൽ എടുത്തതോടെ നീരോടിയിലേക്കു പോകാൻ ഉച്ചക്കട, കല്ലി പ്രദേശങ്ങൾ വഴി ചുറ്റി സഞ്ചരിക്കണം. ആറു മീറ്ററോളം വീതി ഉണ്ടായിരുന്ന റോഡിൽ ശേഷിക്കുന്നത് അരമീറ്റർ മാത്രം. രണ്ടാഴ്ച മുൻപത്തെ കടൽക്ഷോഭത്തിൽ വീടുകൾ ഭാഗികമായി തകർന്ന ആറു കുടുംബങ്ങളിലായി പതിനെ‍ാന്നു പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാംപിലാണ്.

പെ‍ാഴിയൂർ സ്കൂളിൽ താമസിച്ചവരെ സ്കൂൾ പോളിങ് ബൂത്ത് ആയതിനാ‍ൽ കുളത്തൂർ ടെക്നിക്കൽ സ്കൂൾ ഒ‍ാഡിറ്റോറിയത്തിലേക്ക് രണ്ട് ദിവസങ്ങൾക്കു മുൻപ് മാറ്റി. ഒരു വർഷത്തിനിടയിൽ മൂന്നാം തവണ ആണ് തെക്കേകെ‍ാല്ലങ്കോട് മേഖലയിൽ റോഡ് തകരുന്നത്. പെ‍ാഴിക്കര റോഡ് പൂർണമായി കടൽ എടുത്തു. നടന്നു മാത്രമേ ഇവിടേക്കു എത്താൻ കഴിയൂ. വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം ഇല്ല. നാലു വർഷം മുൻപ് തമിഴ്നാട് ഭാഗത്ത് പുലിമുട്ട് സ്ഥാപിച്ചതോടെ ആണ് തെക്കേകെ‍ാല്ലങ്കോട് മുതൽ പരുത്തിയൂർ വരെ ശക്തമായ തിരയടിക്കു തു‍ടക്കം. ഒരു വർ‍ഷത്തിനുള്ളിൽ മൂന്നു ഫിഷ് ലാൻഡിങ്ങ് സെന്ററുകൾ , ഒരു കോടിയോളം രൂപ മുടക്കി സ്ഥാപിച്ച കടൽഭിത്തി, മുപ്പത് ലക്ഷത്തിന്റെ ജിയോ ബാഗ് എന്നിവ കടൽ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *