V Muraleedharan during the interview he gave to Manorama News. Photo: Manorama News
ടാർ പ്ലാൻ്റ് മൂലം ദുരിതം അനുഭവിക്കുന്ന നെല്ലനാട്ടെ പ്രദേശവാസികളുടെ സമരത്തിൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് വി.മുരളീധരൻ. വ്യവസായങ്ങളും തൊഴിൽശാലകളും നാടിന് ആവശ്യമാണ്, എന്നാൽ ഏത് രീതിയിലുള്ള വികസനവും ജനങ്ങളെ വിശ്വാസത്തിലെടുത്ത് നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളും വൃദ്ധരും അടങ്ങുന്ന വലിയ സംഘം സമരപ്പന്തലിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി.
ആറുമാസത്തെ താൽക്കാലിക അനുമതിയോടുകൂടി തുടങ്ങിയ പ്ലാന്റ് ഇപ്പോൾ എട്ട് വർഷമായി പ്രവർത്തിക്കുകയാണ്. പ്ലാന്റിന്റെ പ്രവർത്തനം മൂലം പ്രദേശത്ത് ശ്വാസകോശ രോഗികളുടെയും ക്യാൻസർ രോഗികളുടെയും എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
മാണിക്കൽ, നെല്ലനാട്, മുദാക്കൽ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്താണ് ടാർ പ്ലാന്റ് പ്രവർത്തിക്കുന്നത്. അനിശ്ചിതകാല സമരം തുടരുന്ന ജനകീയ സമിതി ഭാരവാഹികൾ വി. മുരളീധരന് നിവേദനവും നൽകി. കേന്ദ്രസർക്കാരിന് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യാമെന്ന് മുരളീധരൻ സമിതി ഭാരവാഹികൾക്കും നാട്ടുകാർക്കും ഉറപ്പു നൽകി. പ്രശ്നപരിഹാരത്തിനായി എപ്പോഴും ഒപ്പമുണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു
