ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭ പരിധിയിലും സമീപ പഞ്ചായത്തുകളിലും ജല ക്ഷാമം രൂക്ഷമാണ്. വക്കം , കിഴുവിലം , അഞ്ചുതെങ്ങ് , ചിറയിൻകീഴ് , അഴൂർ പഞ്ചായത്തുകളിലെ പല ഭാഗത്തും പ്രതിസന്ധിയുണ്ട്. പലയിടങ്ങളിലും കൃഷിയിടങ്ങളടക്കം വിണ്ടു കീറിയിട്ടുണ്ട്. ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ പ്രധാന ജലസ്രോതസ്സായ വാമനപുരം നദി വരണ്ടത് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണത്തെ ബാധിച്ചിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ ആറ്റിങ്ങൽ സബ് ഡിവിഷന് കീഴിലുള്ള മിക്ക പമ്പ് ഹൗസുകളും ദിവസങ്ങളായി പ്രവർത്തന രഹിതമായിരുന്നു. എന്നാൽ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തതിനാൽ കഴിഞ്ഞ രണ്ട് ദിവസമായി വെള്ളം നദിയിൽ ഒഴുകിയെത്തി തുടങ്ങിയിട്ടുണ്ട്.
വെള്ളം ഒഴുകിയെത്തിയതിനെ തുടർന്ന് പമ്പ് ഹൗസുകളുടെ പ്രവർത്തനം ഭാഗികമായി ആരംഭിച്ചതായി അധികൃതർ പറഞ്ഞു. മഴ തുടർന്ന് ലഭിക്കാതിരുന്നാൽ പ്രതിസന്ധി വീണ്ടും രൂക്ഷമാകുമെന്ന് അധികൃതർ പറഞ്ഞു. പമ്പിങ് പുനരാരംഭിച്ചെങ്കിലും എല്ലായിടങ്ങളിലും കുടിവെള്ളം എത്തി തുടങ്ങിയിട്ടില്ല.ചിറയിൻകീഴ്∙പൊതുപൈപ്പുകൾക്കു മുന്നിൽ വെള്ളമെത്തുന്നതും കാത്തിരിക്കുകയാണ് അഞ്ചുതെങ്ങു നിവാസികൾ. ആഴ്ചയിൽ മൂന്നു ദിവസമാണു ജലഅതോറിറ്റി വക കുടിവെള്ള വിതരണം. അതും രാത്രിയിൽ ഒന്നോ രണ്ടോ മണിക്കൂറുകൾ മാത്രം. ഉയർന്ന പ്രദേശങ്ങളിൽ തുള്ളിവെള്ളമെത്താത്ത അവസ്ഥയാണ്.
പൂത്തുറ, മുതലപ്പൊഴി, അഞ്ചുതെങ്ങ് കോട്ട, പഞ്ചായത്ത് ഓഫിസ്, കേട്ടുപുര, പൊലീസ് സ്റ്റേഷൻ, കായിക്കര, നെടുങ്ങണ്ട, ഒന്നാംപാലം, അഞ്ചുതെങ്ങ് ജംക്‌ഷൻ എന്നിവിടങ്ങളിൽ വെള്ളം ലഭ്യമല്ലാത്ത സ്ഥിതിയാണ്. ഇതിനിടെയാണ് റോഡ് പുനർനിർമാണത്തിന്റെ പേരിൽ പലയിടത്തും പൈപ്പു പൊട്ടി കുടിവെള്ളം പാഴാകുന്നത്. തീരപ്രദേശമായ കൊട്ടാരം തുരുത്തിലെ രൂക്ഷമായ ജലക്ഷാമം മുന്നിൽക്കണ്ടു താൽക്കാലിക പൈപ്പ് ലൈൻ സ്ഥാപിച്ചെങ്കിലും ഫലമില്ലെന്നു നാട്ടുകാർ പറയുന്നു.
