തിരുവനന്തപുരം : ട്രെയിനിൽ മദ്യം കടത്തുന്നു എന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ ട്രെയിൻ നമ്പർ 20924 ( ഗാന്ധിധാo- തിരുനെൽവേലി ) എക്സ്പ്രെസ്സിന്റെ എ.സി കോച്ചിൽ നിന്നും റാംജി മഹേശ്വരി എന്ന കരാർ കാരനെ പരിശോധിച്ചതിൽ ഇയാളുടെ പക്കൽ നിന്നും 42 കുപ്പി (750 മില്ലി) ഇന്ത്യൻ നിർമ്മിത ഗോവ മദ്യം കണ്ടെത്തി. ഇതിന്റെ ആകെ മൂല്യം 33,600/- രൂപ യാണ്. കൂടുതൽ അന്വേഷണത്തിൽ നിന്നും താൻ ഈ ട്രെയിനിൽ ബെഡ്റോൾ സ്റ്റാഫായി ജോലി ചെയ്യുകയാണെന്നും , മഡ്ഗാവിൽ നിന്ന് നികുതി രഹിത വിലയ്ക്ക് മദ്യക്കുപ്പികൾ വാങ്ങി തൻ്റെ സാമ്പത്തിക നേട്ടങ്ങൾക്കായി അത് ട്രെയിനിൽ ഉയർന്ന നിരക്കിൽ വിൽക്കാൻ ഉദ്ദേശിച്ചാണ് മദ്യം കൊണ്ടുവന്നതെന്നും മൊഴിനൽകി.
തിരുവനന്തപുരം സെൻട്രൽ ആർപിഎഫ് ഇൻസ്പെക്ടർ അജിത് കുമാർ അവർകളുടെ നിർദേശ പ്രകാരം, സബ് ഇൻസ്പെക്ടർ എം അനിൽ കുമാർ, എം ടി ജോസ്, മറ്റു സ്പെഷ്യൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആർ. പി. എഫ് ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കുപ്പികൾ പിടിച്ചെടുക്കുകയും പ്രതിയെ ആർപിഎഫ് നിയമത്തിൻ്റെ സെക്ഷൻ 12 പ്രകാരം അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർ നിയമനടപടികൾക്കായി എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് റേഞ്ച്, തിരുവനന്തപുരത്തിനു കൈമാറി. ഇത്തരത്തിൽ തിരുവനന്തപുരം ആർ. പി. എഫ് ഈ വർഷം അനേകം കേസുകൾ കണ്ടെത്തിയിട്ടുണ്ട്. നിയമം ലംഹിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടർന്നും ഉണ്ടാകുമെന്ന് തിരുവനന്തപുരം ആർ. പി. എഫ് സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ താൻവി പ്രഫുൽ ഗുപ്തെ അറിയിച്ചു.
