ചടയമംഗലം : “അൽ ജലാലിയ്യ” മദ്രസത്തുൽ ബനാത്ത് ഹിഫ്ള് കോളേജിന്റെ എട്ടാം വാർഷികാഘോഷവും സനദ് വിതരണവും സമാപിച്ചു. മതവിജ്ഞാന സദസ്സ്, ബുർദ മജ്ലിസ്, ദു:ആ സമ്മേളനം, രക്ഷാകർതൃ സംഗമം, ഹജ്ജ് യാത്രയയപ്പ്, പൂർവ്വ വിദ്യാർത്ഥി സംഗമം, സനദുദാന സമ്മേളനം എന്നിവ ചടയമംഗലം, അക്കോണം “അൽ ജലാലിയ്യ” കാമ്പസ്സിൽ നടന്ന ത്രിദിന വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു. നാലാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള സ്കൂൾ പഠനത്തോടൊപ്പം ഖുർആൻ മുഴുവൻ മന:പാഠമാക്കുന്ന “അൽഹാഫിളത്ത്”, ആലിമത്ത്, തർബ്ബിയ്യത്ത് എന്നീ കോഴ്സുകൾ പൂർത്തിയാക്കിയ 14 വിദ്യാർത്ഥിനികൾക്കും, മൂന്ന് വർഷത്തെ “ഷറഫിയ്യ” ഡിഗ്രി പൂർത്തിയാക്കിയ 30 വിദ്യാർത്ഥിനികൾക്കും സനദുദാന സമ്മേളനത്തിൽ സർട്ടിഫിക്കറ്റുകളും സ്ഥാന വസ്ത്രങ്ങളും വിതരണം ചെയ്തു.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ ചെയർമാനുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി സനദുദാന സമ്മേളനം ഉദ്ഘാടനം ചെയ്തു. അസമത്വം ഇല്ലാത്ത സമൂഹ പുന:സൃഷ്ടിക്കായി കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ശാക്തീകരിക്കാനും അവർക്ക് സാമ്പത്തിക ഭദ്രത കൈവരിക്കാനും വിദ്യാഭ്യാസം ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്ലാമിൽ വിജ്ഞാന സമ്പാദനത്തിലും വ്യാപനത്തിലും സ്ത്രീക്ക് പുരുഷനൊപ്പം തുല്യ പ്രാധാന്യമാണ് നൽകിയിട്ടുള്ളതെന്നും വിശുദ്ധ ഖുർആന്റെ ആരംഭം തന്നെ വിജ്ഞാന സമ്പാദനത്തിന് ആഹ്വാനം ചെയ്തു കൊണ്ടാണെന്നും തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ചൂണ്ടിക്കാട്ടി. “അൽ ജലാലിയ്യ” ചെയർമാൻ എം. ഷഹീറുദ്ദീൻ മന്നാനി അധ്യക്ഷത വഹിച്ചു.

അതിരാംപട്ടണം റഹ്മാനിയ അറബിക് കോളേജ് പ്രിൻസിപ്പൽ ആറ്റാശ്ശേരി മുഹമ്മദ് കുട്ടി ഹസ്രത്ത് ഹിഫ്ള് കോഴ്സുകൾ പൂർത്തിയാക്കിയവർക്കുള്ള സനദുദാനവും അനുഗ്രഹ പ്രഭാഷണവും നിർവ്വഹിച്ചു. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി സ്ഥാന വസ്ത്രങ്ങൾ വിതരണം ചെയ്തു. “തർബ്ബിയ്യത്ത്” കോഴ്സ് പൂർത്തീകരിച്ചവർക്കുള്ള സനദുദാനം ജാമിഅഃ മന്നാനിയ്യ അറബിക് കോളേജ് പ്രിൻസിപ്പൽ നൂറുൽ ഉലമ കെ.പി അബൂബക്കർ ഹസ്രത്തും, സ്ഥാന വസ്ത്ര വിതരണം ഡികെജെയു സംസ്ഥാന ഉപാദ്ധ്യക്ഷൻ അസ്സയ്യിദ് മുത്തുക്കോയ തങ്ങൾ അൽ ബാഫഖിയും നിർവ്വഹിച്ചു. കാരാളികോണം ഹംദാൻ ഫൗണ്ടേഷൻ ചെയർമാൻ കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി മുഖ്യപ്രഭാഷണം നടത്തി. രണ്ട് കണ്ണിനും കാഴ്ചയില്ലാത്ത സൂഫിവര്യനും പ്രഗത്ഭ പണ്ഡിതനുമായ പാനിപ്ര ഖാലിദ് ബാഖവി ദു:ആ മജ്ലിസിന് നേതൃത്വം നൽകി. വിവിധ പരീക്ഷകളിലും കലാസാഹിത്യ മത്സരങ്ങളിലും മികവ് തെളിയിച്ചവർക്ക് പാലുവള്ളി ജലാലുദ്ദീൻ മൗലവി, അൽ അമീൻ നൂറുദ്ദീൻ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
ജാമിഅഃ മന്നാനിയ്യ ഷെയ്ക്കുൽ ഹദീസ് സയ്യിദ് മുസ്തഫ ഹസ്രത്ത് രക്ഷാകർതൃ സംഗമം ഉദ്ഘാടനം ചെയ്തു. ഹജ്ജ് യാത്രയയപ്പ് സമ്മേളനം ജാമിഅഃ മന്നാനിയ്യ മാനേജർ ചക്കമല ഷംസുദ്ദീൻ മന്നാനി ഉദ്ഘാടനം ചെയ്തു.
മതവിജ്ഞാന സദസ്സിൽ അൽ ഹാഫിള് മുഹമ്മദ് ബൂസിരി അൽ ഖാസിമി, അൽഹാഫിള് സജ്ജാദ് ഖാസിമി ഹരിപ്പാട് എന്നിവർ പ്രഭാഷണം നടത്തി. ബുർദ മജിലിസിന് അൽ ഹാഫിള് ത്വാഹ മന്നാനി നേതൃത്വം നൽകി. “അൽജലാലിയ്യ” മദ്രസത്തുൽ ബനാത്ത് ഹിഫിള് കോളേജിന്റെ എട്ടാം വാർഷികാ ഘോഷങ്ങളുടെ ഭാഗമായി ചടയമംഗലം ഗവൺമെന്റ് ആശുപത്രിയിലേക്കുള്ള വീൽചെയറും സമീപത്തെ വിവിധ വിദ്യാലയങ്ങളിലെ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും സനദുദാന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സജീവ് പാറക്കെട്ടുവിള, ജനറൽ കൺവീനർ എം നൗഫൽ മന്നാനി എന്നിവർ വിതരണം ചെയ്തു
