തിരുവനന്തപുരം : മുട്ടത്തറയിൽ പൊലീസ് കാവലിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ ശ്രമിച്ചെങ്കിലും പങ്കെടുത്ത 3 പേരും പരാജയപ്പെട്ടു. മോട്ടർ വെഹിക്കിൾ ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വിനോദിന്റെ മകളും ടെസ്റ്റിന് ഉണ്ടായിരുന്നു. വിനോദ് ഗ്രൗണ്ടിൽ കയറിയതിനെതിരെ കൂകിവിളിച്ചും ബഹളം വച്ചും പ്രതിഷേധക്കാർ രംഗത്തുവന്നു. 10 ദിവസത്തിനിടെ ആദ്യമായാണ് മുട്ടത്തറയിൽ ടെസ്റ്റ് നടക്കുന്നത്. അതേസമയം, ടെസ്റ്റിന് എത്തിയ മകളെയും തന്നെയും തടയുകയും അസഭ്യം പറയുകയും ചെയ്തുവെന്നാരോപിച്ച് വിനോദ് വലിയതുറ പൊലീസിൽ പരാതി നൽകി. മലപ്പുറം ജില്ലയിൽ ഒരിടത്തും ടെസ്റ്റ് നടന്നില്ല. സ്ലോട്ട് ലഭിച്ച ആരും എത്തിയില്ല. കോഴിക്കോട് ചേവായൂർ ടെസ്റ്റിങ് ഗ്രൗണ്ടിൽ ഒരാൾ മാത്രം എത്തി പരാജയപ്പെട്ടു. കണ്ണൂർ തലശ്ശേരിയിൽ കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന ടെസ്റ്റിൽ ഒരാൾ മാത്രം എത്തി.
