കല്ലമ്പലം : ശക്തമായ മഴയിൽ വീട് തകർന്നു. നാവായിക്കുളം വെട്ടിയറ ഗോപാലമന്ദിരത്തിൽ നീതുവിന്റെ വീടിന്റെ ഒരുഭാഗമാണ് തകർന്നുവീണത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. വീട്ടുകാർ സംഭവസമയം വീട്ടിലുണ്ടായിരുന്നെങ്കിലും അപകടങ്ങളില്ലാതെ രക്ഷപ്പെട്ടു.
ഫർണിച്ചർ ഉൾപ്പെടെ സാധനസാമഗ്രികൾ നശിച്ചു. ഓടിട്ട വീടിന്റെ മേൽക്കൂര തകർന്നതാണ് പ്രശ്നമായത്. ബാക്കിഭാഗം ഏത് നിമിഷവും തകരാവുന്ന നിലയിലാണ്. വീട്ടുകാർ ബന്ധുവീട്ടിൽ അഭയം തേടി. ലൈഫ് പദ്ധതിയിൽ വീടിനായി പലതവണ പഞ്ചായത്തിനെ സമീപിച്ചിട്ടും അവഗണിച്ചെന്ന പരാതിയും കുടുംബത്തിനുണ്ട്.

