തിരുവനന്തപുരം : അധികാരികളെയും പൊലീസിനെയും കാഴ്ചക്കാരാക്കി തലസ്ഥാനത്തെ റോഡുകളിലൂടെ ടിപ്പറുകൾ തലങ്ങും വിലങ്ങും പായുമ്പോൾ ജില്ലയിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം വർധിക്കുന്നു. ജീവൻ പൊലിയുമ്പോൾ മന്ത്രിമാർ വീടുകളിലെത്തി കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും തൊട്ടുപിറകെ ജില്ല പൊലീസ് മേധാവി ടിപ്പറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള പത്രക്കുറിപ്പ് പുറത്തിറക്കുന്നതുമല്ലാതെ മണ്ണും കരിങ്കലുമായി പായുന്ന സ്വകാര്യ കമ്പനികളുടേതടക്കമുള്ള കൊലകൊല്ലി ടിപ്പറുകളെ നിലക്ക്നിറുത്താൻ ആർക്കും സാധിക്കുന്നില്ല.സ്കൂൾ സമയങ്ങളിൽപോലും ടിപ്പറുകളുടെ മത്സരയോട്ടം പതിവാണ്. ശ്രീകാര്യം- കഴക്കൂട്ടം, ആക്കുളം-മെഡിക്കൽ കോളജ്, പേട്ട- ചാക്ക, മണക്കാട്- തമ്പാനൂർ, പൂജപ്പുര- ജഗതി, പേരൂർക്കട- വട്ടിയൂർക്കാവ്, കേശവദാസപുരം- മണ്ണന്തല, തിരുവല്ലം-വാഴമുട്ടം എന്നീ റോഡുകളിലെല്ലാം ഇതാണു സ്ഥിതി. തിരുവല്ലത്ത് വിഴിഞ്ഞത്തേക്ക് കരിങ്കല്ലു കയറ്റി വരുന്ന ടിപ്പറുകളാണ് പലപ്പോഴും ഭീഷണി ഉയർത്തുന്നത്.
കഴിഞ്ഞ മാർച്ചിൽ മാത്രം ടിപ്പറുകളുടെ മരണയോട്ടത്തിൽ രണ്ട് ജീവനുകളാണ് തലസ്ഥാനത്ത് പൊലിഞ്ഞത്. വിഴിഞ്ഞം തുറമുഖത്തേക്കുള്ള കല്ലുകളുമായി പോവുകയായിരുന്ന ടിപ്പറില്‍ നിന്ന് കല്ല് തെറിച്ച് വീണ് സ്കൂട്ടര്‍ യാത്രക്കാരനായ അനന്തു (24) മരിച്ചിരുന്നു. തൊട്ടടുത്ത ദിവസം പനവിള ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ കടന്ന് അമിതവേഗത്തിലെത്തിയ ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ അധ്യാപകൻ സുധീർ മരിച്ചു.
പനവിളയിൽ നിന്ന് തമ്പാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സുധീർ സഞ്ചരിച്ച സ്കൂട്ടറിൽ അതേ ദിശയിലെത്തിയ ടിപ്പർ ലോറിയുടെ മുൻവശം തട്ടുകയായിരുന്നു. നിയന്ത്രണംവിട്ട സ്കൂട്ടർ ടിപ്പറിനും സമീപത്തുകൂടി പോവുകയായിരുന്ന ഓട്ടോയ്ക്കും ഇടയിൽ കുടുങ്ങിപ്പോയി.
റോഡിലേക്ക് വീണ സുധീറിന്റെ ശരീരത്തിലൂടെ ടിപ്പറിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. ഇന്നലെ വെട്ടുറോഡിൽ പെരുമാതുറ സ്വദേശി റുക്സാനക്ക് അപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തിലാണ് തിരക്കേറിയ രാവിലെയും വൈകിട്ടും ടിപ്പറുകൾക്ക് ഗതാഗത നിയന്ത്രണം കൊണ്ടുവന്നത്. ഇതു പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധന എവിടെയും നടക്കുന്നില്ല. ടിപ്പറുകൾക്ക് നിലവിലുള്ള നിയന്ത്രണം അപര്യാപ്തമാണെന്നാണ് നിരത്തിലെ അപകടക്കണക്കുകൾ കാണിക്കുന്നത്.
