January 15, 2026

കാട്ടാക്കട : സുഹൃത്തുമൊത്ത് വാടക വീട്ടിൽ താമസിച്ചിരുന്ന യുവതിയെ വീടിനു സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, ഒപ്പം താമസിച്ചിരുന്ന പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്തിനെയും (31) വീട്ടിൽ വന്നുപോകുന്ന മറ്റൊരാളെയും പൊലീസ് തിരയുന്നു. പേരൂർക്കട ഹാർവിപുരം ഭാവന നിലയത്തിൽ മായ മുരളിയെ(39) ആണ് കാട്ടാക്കട മുതിയാവിള കാവുവിളയിൽ വാടക വീടിനു സമീപം റബർ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമെന്നാണ് സംശയം. മായയുടെ ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ചിരുന്നു.

ഇന്നലെ രാവിലെ പതിനൊന്നൊടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. മൃതദേഹം കിടന്നിരുന്ന സ്ഥലത്തിനു സമീപത്ത് നിന്നും ഒരു താക്കോൽ കൂട്ടവും ബീഡിയും കണ്ടെടുത്തു. മൃതദേഹത്തിൽ മർദനത്തിന്റെ പാടുകൾ ഉണ്ടായിരുന്നതായാണ് വിവരം. കണ്ണിനും മൂക്കിനുമെല്ലാം ക്ഷതമേറ്റ നിലയിലായിരുന്നുവെന്നാണ് വിവരം. ജനുവരിയിലാണ് പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശി ഓട്ടോ ഡ്രൈവർ രഞ്ജിത്തും മായ മുരളിയും മുതിയാവിള കാവുവിള തോട്ടരികത്ത് വീട്ടിൽ വാടകയ്ക്ക് താമസത്തിനെത്തിയത്. മായയുടെ ആദ്യ ഭർത്താവ് 8 വർഷം മുൻപ് മരിച്ചു. രണ്ട് പെൺമക്കളുണ്ട്. 8 മാസം മുൻപാണ് മക്കളെ ഉപേക്ഷിച്ച് രഞ്ജിത്തിനൊപ്പം മായ താമസമാകുന്നത്. മക്കളെ മായയുടെ വീട്ടുകാരാണ് നോക്കുന്നത്. ഇരുവരും ആദ്യം പേരൂർക്കടയ്ക്ക് സമീപം താമസിച്ചു. ജനുവരിയിൽ മുതിയാവിള താമസത്തിന് എത്തി.

3 ദിവസം മുൻപ് മായയുടെ ഓട്ടിസം ബാധിതയായ മൂത്ത മകളെ ചികിത്സയ്ക്കായി മായയുടെ ബന്ധുക്കൾ കൊണ്ടുപോയിരുന്നു. ഒരു മാസത്തെ ചികിത്സ വേണമെന്ന് നിർദേശിച്ചു. അവിടെ കുട്ടിയെ കാണാനെത്തിയ മായയെ ഇളയ മകളുടെ സാന്നിധ്യത്തിൽ രഞ്ജിത്ത് മർദിച്ചതായി പിതാവ് പറഞ്ഞു. പേരൂർക്കട പൊലീസിൽ പരാതി നൽകി. മർദിച്ചില്ലെന്ന മായയുടെ മൊഴിയിൽ പൊലീസ് കേസ് അവസാനിപ്പിച്ചതായി സഹോദരി പറഞ്ഞു. ചൊവ്വാഴ്ച വീണ്ടും കുട്ടിയുമായി ചികിത്സയ്ക്ക് പോകണം. അവിടെ വരുമെന്ന് മായ പറഞ്ഞിരുന്നു. വന്നില്ലെന്ന് സഹോദരിയും പിതാവും പറഞ്ഞു.

റൂറൽ പൊലീസ് മേധാവി കിരൺ നാരായൺ,കാട്ടാക്കട ഡിവൈഎസ്പി സി.ജയകുമാർ,എസ്എച്ച്ഒ എൻ.ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു. ആർഡിഒ നിർദേശപ്രകാരം കാട്ടാക്കട തഹസിൽദാരുടെ സാനിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ പൊലീസിനു മൊഴി നൽകി. ഇവർക്ക് ഒപ്പം താമസിച്ചിരുന്ന രഞ്ജിത്ത് കൊലപ്പെടുത്തിയതാകാമെന്നാണ് ബന്ധുക്കളുടെ പരാതി. മകളെ സ്ഥിരമായി മർദിച്ചിരുന്നു. 3 ദിവസം മുൻപും മർദിച്ചു. ഇത് സംബന്ധിച്ച് പരാതി പേരൂർക്കട സ്റ്റേഷനിലുണ്ടെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *