തിരുവനന്തപുരം: ജില്ലയിൽ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ 1.41 കോടി രൂപയുടെ കൃഷി നാശം. മൂന്ന് വീടുകൾ പൂർണമായും 16 വീടുകൾ ഭാഗികമായും തകർന്നു.

കഴിഞ്ഞദിവസത്തെ മഴയെ തുടർന്ന് ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കടകംപള്ളി വില്ലേജിൽ വെൺപാലവട്ടം അങ്കണവാടി ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് കഴിയുന്നത്. രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. ജില്ലയിൽ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിവിധയിടങ്ങളിലെ നാല് ദുരിതാശ്വാസ ക്യാമ്പിൽ 55 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.
ജില്ലയിൽ 14.15 ഹെക്ടർ പ്രദേശത്തെ കൃഷിക്ക് നാശം സംഭവിച്ചു. വിവിധ കൃഷി മേഖലകളിലായി 289 കർഷകരെയാണ് നഷ്ടം ബാധിച്ചത്. വാഴ കൃഷിയെയാണ് മഴ ഏറെ ബാധിച്ചത്. 11.54 ഹെക്ടർ പ്രദേശത്തെ വാഴ കൃഷി നശിച്ചു. 1.05 ഹെക്ടർ പ്രദേശത്തെ പച്ചക്കറി കൃഷിയും 0.16 ഹെക്ടർ പ്രദേശത്തെ നാളികേര കൃഷിയും നശിച്ചു.
ആറ്റിങ്ങൽ : മഴയിൽ നിരവധി വീടുകൾ തകർന്നു, തീരമേഖലയിൽ ജനവാസമേഖലകൾ വെള്ളത്തിൽ. ആലംകോട് ഗുരുനാഗപ്പൻകാവ് മേലാറ്റിങ്ങൽ റോഡിനുസമീപം വിജയദാസിന്റെ വീട് തകർന്നു.

ബുധനാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. വിജയദാസും ഭാര്യ രമ്യയും മകൾ പ്ലസ് വൺ വിദ്യാർഥിനി ആവണിയും വീട്ടിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ട് ഇവർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം വീട് നിലം പതിച്ചു. വിജയദാസിന് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുണ്ട്. ഓട്ടോ തൊഴിലാളിയാണ്.
അഞ്ചുതെങ്ങ് ആറാം വാർഡിൽ ഓടുതയിൽവീട്ടിൽ അനിൽകുമാറിന്റെ വീട് തകർന്നു. മണ്ണും ചെങ്കല്ലും കൊണ്ട് നിർമിച്ച വീട് ഏറെക്കാലമായി അപകടാവസ്ഥയിലായിരുന്നു. ചോർന്നൊലിക്കുന്നതിനാൽ ടാർപോളിൻ കൊണ്ട് മൂടിയാണ് താമസിച്ചിരുന്നത്. അഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂർ പഞ്ചായത്തുകളിലെ കായലോര മേഖലയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. നിരവധി വീടുകൾ വെള്ളം കയറി അപകടാവസ്ഥയിലുണ്ട്.
കയർ പിരിക്കുന്ന സ്ഥലങ്ങൾ പൂർണമായും വെള്ളത്തിനടിയിലായതോടെ ജോലി പൂർണമായി നിർത്തിെവച്ചു. പൂർണമായും വെള്ളത്തിനടിയിലായ കൃഷിയിടങ്ങളിലെ വെള്ളമിറങ്ങിയാലേ കൃഷിനാശം സംബന്ധിച്ച് വ്യക്തത വരൂ
