കല്ലമ്പലം : പൊതു നിരത്തുകളിലും തെരുവിലും മാലിന്യം തള്ളുന്നവർക്ക് എതിരെ നടപടി സ്വീകരിക്കാതെ അധികൃതർ മുഖം തിരിക്കുന്നു എന്ന് ആക്ഷേപം. ദേശീയപാത,ഗ്രാമീണ മേഖലയിലെ ഇടറോഡുകൾ എന്നിവിടങ്ങളിൽ അറവ് മാലിന്യങ്ങൾ ഉൾപ്പെടെ ഉള്ളവ കൊണ്ട് പൊറുതി മുട്ടിയിട്ടും നടപടിയില്ലാത്തത് ജനങ്ങളോട് കാട്ടുന്ന വെല്ലു വിളി ആണെന്ന് പരാതി ഉയർത്തി റസിഡൻസ് അസോസിയേഷനുകളും സംഘടനകളും.
മാലിന്യ തള്ളുന്നവർക്ക് എതിരെ പിഴ ഉൾപ്പെടെയുള്ള ശക്തമായ നിയമങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും നടപടിയില്ലാത്തത് വീണ്ടും മാലിന്യം തള്ളാനുള്ള ലൈസൻസ് നൽകലാണ് എന്നും പരാതി. 2 ദിവസം മുൻപ് ചെറുന്നിയൂർ പഞ്ചായത്തിൽ അനധികൃതമായി റോഡിൽ തള്ളിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ പരാതി ലഭിച്ച ഉടൻ തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചു. കല്ലു മലക്കുന്ന് റെയിൽവേ മേൽപാലത്തിന് സമീപത്തായിരുന്നു സംഭവം. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ മാലിന്യ കവറുകൾ തുറന്ന് പരിശോധിച്ചപ്പോൾ ചില വ്യക്തികളുടെ പേര് വിവരങ്ങൾ കിട്ടി. തുടർന്നുള്ള അന്വേഷണത്തിൽ മാലിന്യം തള്ളിയവരെ കണ്ടെത്തുകയും 10,000രൂപ പിഴ ചുമത്തുകയും ചെയ്തു. പരിശോധന തുടരുമെന്നും അവർ അറിയിച്ചു..
